ചെന്നൈ: കേന്ദ്ര വ്യവസായ സുരക്ഷാസേനാംഗങ്ങളുടെ (സി.ഐ.എസ്.എഫ്) സൈക്കിൾ റാലിക്ക് തമിഴ്നാട്ടിൽ വമ്പിച്ച സ്വീകരണം നൽകണമെന്ന് അഭ്യർഥിച്ച് നടൻ രജനികാന്ത്. കടൽ മാർഗം തീരദേശ പ്രദേശങ്ങളിൽ തീവ്രവാദികൾ നുഴഞ്ഞുകയറാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും സംശയകരമായ സാഹചര്യത്തിൽ എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ അടുത്ത പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കണമെന്നും ആവശ്യപ്പെട്ട് പശ്ചിമ ബംഗാളിൽനിന്ന് കന്യാകുമാരിയിലേക്ക് സംഘടിപ്പിക്കുന്ന സി.ഐ.എസ്.എഫിന്റെ ബോധവത്കരണ ജാഥക്ക് പിന്തുണ നൽകണമെന്നാവശ്യപ്പെട്ടാണ് രജനികാന്തിന്റെ വിഡിയോ സന്ദേശം പുറത്തിറങ്ങിയത്.
നൂറിലധികം കേന്ദ്ര വ്യവസായ സുരക്ഷാ സേനാംഗങ്ങൾ പങ്കെടുക്കുന്ന സൈക്കിൾ റാലി ഏഴായിരം കിലോമീറ്റർ താണ്ടി തമിഴ്നാട്ടിലേക്ക് പ്രവേശിക്കാനിരിക്കുകയാണ്. 25 ദിവസം നീണ്ടുനിൽക്കുന്ന ഈ റാലി 11 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോവുക. മാർച്ച് 25നാണ് റാലി ചെന്നൈയിലെത്തുക. 29ന് കൊച്ചിയിലെത്തും. ഏപ്രിൽ ഒന്നിന് കന്യാകുമാരിയിൽ സമാപിക്കും.
നമ്മുടെ രാജ്യത്തിന്റെ സൽപ്പേരും സമാധാനവും സന്തോഷവും കളങ്കപ്പെടുത്താൻ കടൽ മാർഗങ്ങളിലൂടെ രാജ്യത്തേക്ക് തീവ്രവാദികൾ നുഴഞ്ഞുകയറുന്നതായും മുംബൈയിൽ നടന്ന 26/11 ചാവേർ ആക്രമണത്തിൽ 175ഓളം പേരുടെ ജീവൻ അപഹരിക്കപ്പെട്ടതും ഇതിന് ഉദാഹരണമാണെന്ന് രജനികാന്ത് വിഡിയോ സന്ദേശത്തിൽ പറയുന്നു. സൈക്കിൾ റാലിയെ സ്വാഗതം ചെയ്യണമെന്നും അവർക്ക് പിന്തുണ നൽകുന്നതിനായി കുറച്ച് ദൂരം യാത്ര ചെയ്ത് പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. തമിഴ് ജനത നീണാൾ വാഴട്ടെ. ജയ് ഹിന്ദ് എന്നു പറഞ്ഞാണ് വിഡിയോ അവസാനിക്കുന്നത്.
നടന്മാരായ ആമിർ ഖാനും മാധവനും സൈക്കിൾ റാലിക്ക് പിന്തുണ തേടി നേരത്തേ വിഡിയോകൾ പുറത്തിറക്കിയിരുന്നു. ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യയും മഹേന്ദ്ര സിങ് ധോണിയും റാലിയെ അഭിനന്ദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.