രജനികാന്ത് അയോധ്യയിൽ; ഹനുമാൻ ഗർഹി ക്ഷേത്രം സന്ദർശിച്ചു

ലഖ്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെയും സന്ദർശിച്ചതിന് പിന്നാലെ തമിഴ് സൂപ്പർ താരം രജനികാന്ത് അയോധ്യയിലെ ഹനുമാൻ ഗർഹി ക്ഷേത്രത്തിലെത്തി. ആയിരക്കണക്കിനാളുകളാണ് അദ്ദേഹത്തിന്റെ വരവറിഞ്ഞ് ക്ഷേത്രത്തിന് സമീപം തടിച്ചുകൂടിയത്. പുരോഹിതൻ അദ്ദേഹത്തിന് മാല ചാർത്തുന്നതിന്റെയും നെറ്റിയിൽ തിലകം ചാർത്തുന്നതിന്റെയും വിഡിയോ പുറത്തുവന്നിട്ടുണ്ട്. ഞാൻ ഏറെ ഭാഗ്യവാനാണെന്നും എപ്പോഴും ഇവിടെ സന്ദർശിക്കാൻ ആഗ്രഹിക്കാറുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. 

ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ‘ജയിലർ’ സിനിമ തിയറ്ററുകളിൽ റെക്കോഡുകൾ തകർത്ത് മുന്നേറുന്നതിനിടെയാണ് താരത്തിന്റെ ക്ഷേത്ര ദർശനം. സിനിമയുടെ റിലീസിന് മുമ്പ് ഹിമാലയത്തിലേക്ക് ആത്മീയ യാത്ര പുറപ്പെട്ട രജനികാന്ത് യു.പിയിൽ എത്തുന്നതിന് മുമ്പ് ഉത്തരാഖണ്ഡിലെ നിരവധി ക്ഷേത്രങ്ങൾ സന്ദർശിച്ചിരുന്നു.

കഴിഞ്ഞ ദിവസം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീട്ടിലെത്തിയ രജനി അദ്ദേഹത്തി​ന്റെ കാൽതൊട്ട് വണങ്ങിയത് ഏറെ ചർച്ചയായിരുന്നു. യോഗിക്കൊപ്പം ജയിലറിന്റെ സ്​പെഷൽ ഷോയും രജനി ക​ണ്ടു. യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും സിനിമ കാണാനെത്തിയിരുന്നു.

യോ​ഗിക്ക് പിന്നാലെ സമാജ്‌വാദി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെയും ഇന്ന് രജനികാന്ത് സന്ദർശിച്ചു. ലഖ്‌നോവിലെ അഖിലേഷിന്റെ വസതിയിലായിരുന്നു സന്ദർശനം. ‘ഒമ്പത് വർഷം മുമ്പ് മുംബൈയിൽ നടന്ന ചടങ്ങിൽ അഖിലേഷ് യാദവിനെ കണ്ടിട്ടുണ്ട്​. അന്നുമുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്. ഫോണിലും സംസാരിക്കാറുണ്ട്. അഞ്ച്​ വർഷം മുമ്പ് ഇവിടെ ഒരു ഷൂട്ടിങ്ങിന്​ വന്നപ്പോൾ എനിക്ക് അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. ഇപ്പോൾ അദ്ദേഹം ഇവിടെയുണ്ട്. അതുകൊണ്ട് കാണാനെത്തി’ എന്നായിരുന്നു സന്ദർശനത്തെ കുറിച്ച് നടന്റെ പ്രതികരണം.

Tags:    
News Summary - Rajinikanth in Ayodhya; visited the Hanuman Garhi temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.