രജനീകാന്തിന്‍റെ പാർട്ടിയുടെ പേര് 'മക്കൾ സേവൈ കക്ഷി', ചിഹ്നം 'ഓട്ടോറിക്ഷ'

ചെന്നൈ: നടൻ രജനീകാന്തിന്‍റെ പാർട്ടിയുടെ പേര് മക്കൾ സേവൈ കക്ഷി എന്ന് തീരുമാനിച്ചു. പാർട്ടിയുടെ ചിഹ്നം ഓട്ടോറിക്ഷയായിരിക്കും. ചിഹ്നവും പേരും തിരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ചു.

മക്കൾ ശക്തി കഴകമെന്ന പേരുമാറ്റിയാണ് പുതിയ പേര് രജിസ്റ്റർ ചെയ്‌തത്. നിലവിലുള്ള പാർട്ടിയെ ഉപയോഗിച്ചാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. പാർട്ടിയുടെ നേതാക്കളിൽ രജനിയെയും ഉൾപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്.

നേരത്തെ ബാബ മുദ്ര ചിഹ്നമാണ് പാർട്ടിക്കായി സ്റ്റൈൽ മന്നൻ പരിഗണിച്ചിരുന്നത്. ബാബ എന്ന സിനിമയിലൂടെ പ്രശസ്തമായിരുന്നു 'ഹസ്തമുദ്ര' ചിഹ്നം. എന്നാൽ കൈപ്പത്തിയോട് സാമ്യമുള്ള ചിഹ്നം മാറ്റി ഓട്ടോറിക്ഷ സ്വീകരിക്കുകയായിരുന്നു.

രജനിയുടെ ഏറെ പ്രശസ്തമായ ബാഷയിൽ ഓട്ടോറിക്ഷ ഡ്രൈവറാണ് സ്റ്റൈൽ മന്നൻ. നാൻ ഓട്ടോക്കാരൻ, ഓട്ടോക്കാരൻ എന്ന പാട്ട് തമിഴിലെ എല്ലാക്കാലത്തേയും ഹിറ്റ് ഗാനം കൂടിയാണ്. അതേസമയം, പാർട്ടിയുടെ പേരോ ചിഹ്നമോ സംബന്ധിച്ച് രജനീകാന്തോ, പാർട്ടി ഓഫിസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് ഈ മാസം ആദ്യമാണ് രജനികാന്ത് പ്രഖ്യാപിച്ചത്. ഡിസംബർ 31ന് പാർട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നും ജനുവരിയിൽ പുതിയ പാർട്ടി പ്രവർത്തനം ആരംഭിക്കുമെന്നും സൂപ്പർ സ്റ്റാർ വ്യക്തമാക്കിയിരുന്നു. മുഴുവൻ നിയമസഭ സീറ്റുകളിലേക്കും രജനീകാന്തിന്‍റെ പാർട്ടി മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബി.ജെ.പിയുടെ പിന്തുണയോടെയാണ് രജനിയുടെ രാഷ്ട്രീയ പ്രവേശനമെന്ന വാർത്ത താരത്തിന് തിരിച്ചടിയും ഉണ്ടാക്കിയിട്ടുണ്ട്. 

Tags:    
News Summary - Rajinikanth's party name 'Makkal Sevai Kakshi', symbol 'Autorickshaw'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.