രാജീവ് വധം: ഗൂഢാലോചന അന്വേഷിക്കാൻ രൂപവത്കരിച്ച ഏജൻസിയെ പിരിച്ചുവിട്ടു

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധ​പ്പെട്ട് രാജ്യാന്തര തലത്തിൽ നടന്ന ഗൂഢാലോചന അന്വേഷിക്കാനായി രൂപവത്കരിച്ച ബഹുമുഖ നിരീക്ഷണ ഏജൻസിയെ (എം.ഡി.എം.എ) കേന്ദ്ര സർക്കാർ പിരിച്ചു വിട്ടു. 24 വർഷം മുമ്പ് രൂപവത്കരിച്ച ഏജൻസിയെയാണ് ബി.ജെ.പി സർക്കാർ പിരിച്ചുവിട്ടത്. കേസുമായി ബന്ധപ്പെട്ട് സംഘത്തിന്റെ തുടരന്വേഷണം സി.ബി.ഐയിലെ വിവിധ വിഭാഗങ്ങൾക്ക് കൈമാറാനാണ് നിർദേശം. കഴിഞ്ഞ മേയിലാണ് ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്രം പുറപ്പെടുവിച്ചത്.

എം.സി. ജെയിൻ കമീഷന്റെ ശിപാർശ പ്രകാരം 1998ലാണ് സി.ബി.ഐക്ക് കീഴിൽ അന്താരാഷ്ട്ര ഗൂഢാലോചന അന്വേഷിക്കാൻ ബഹുമുഖ നിരീക്ഷണ ഏജൻസിക്ക് ആഭ്യന്തര മന്ത്രാലയം രൂപം നൽകുന്നത്. സി.ബി.ഐയെ കൂടാതെ വിവിധ കേന്ദ്ര സുരക്ഷ ഏജൻസികളിലെ പ്രഗല്ഭരായ ഉദ്യോഗസ്ഥരായിരുന്നു ഇതിലെ അംഗങ്ങൾ. രണ്ടു വർഷമായിരുന്നു സംഘത്തിന്റെ കാലാവധിയെങ്കിലും വർഷാവർഷം ഇത് നീട്ടിനൽകുകയായിരുന്നു. എന്നാൽ, കേസിൽ ശക്തമായ തെളിവുകൾ ശേഖരിക്കാൻ സംഘത്തിന് കഴിഞ്ഞിരുന്നില്ല.

കേസിൽ പ്രതികൾ നടത്തിയ ബാങ്ക് ഇടപാടുകൾ ഉൾപ്പെടെ വിവിധ വിവരങ്ങൾ തേടി ശ്രീലങ്ക, യു.കെ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് 24 കത്തുകൾ സംഘം അയച്ചിരുന്നു. ഇതിൽ 20ലധികം കത്തുകൾക്ക് മറുപടി ലഭിച്ചു. ഒന്നിലധികം രാജ്യങ്ങളിൽ നടന്നുവെന്നാരോപിക്കുന്ന ഗൂഢാലോചനയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളൊന്നും എം.ഡി.എം.എമ്മിന് കണ്ടെത്താനായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

​1991 ​മേയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ​ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് രാജീവ് ഗാന്ധി ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെടുന്നത്.

Tags:    
News Summary - Rajiv assassination: Agency formed to probe conspiracy dissolved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.