ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ജയിലിൽ കഴിയുന്ന നളിനി ശ്രീഹരൻ, ഭർത്താവ് ശ്രീഹരൻ എന്ന മുരുകൻ എന്നിവർ ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈകോടതിയിൽ ഹരജി നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് അമരേശ്വർ പ്രതാപ് സഹിക്കും നവംബർ 27നാണ് നളിനി കത്തയച്ചതെന്ന് ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്തു.
കഠിനമായ മാനസിക സംഘർഷമാണ് നളിനിയെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചതെന്ന് അവരുടെ അഭിഭാഷകനായ പുകഴേന്തി പറഞ്ഞു. ജയിൽ അധികൃതർ മുഖേന നളിനി പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചിരുന്നു. ദയാവധം തേടിയായിരുന്നു കത്ത്. തങ്ങൾ വിട്ടയക്കപ്പെടുമെന്ന് 26 വർഷം അവർ പ്രതീക്ഷിച്ചു. എന്നാൽ ആ പ്രതീക്ഷക്ക് ഇപ്പോൾ മങ്ങലേറ്റതാണ് ദയാവധത്തിന് ഹരജി നൽകിയതിന് കാരണമെന്ന് പുകഴേന്തി വ്യക്തമാക്കി.
ജയിൽ അധികൃതർ അവരുടെ ഭർത്താവിനെ ദ്രോഹിക്കുകയാണ്. തെൻറ ഭർത്താവിന് ഏൽക്കേണ്ടി വരുന്ന ദ്രോഹം കണ്ടു നിൽക്കാൻ അവർക്ക് സാധിക്കുന്നില്ല. വെള്ളൂർ ജയിലിൽ നിന്ന് പുഴൽ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാറിനും അവർ ഹരജി നൽകിയിരുന്നുവെന്ന് അഭിഭാഷകൻ പറഞ്ഞു.
മുരുകനിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്തതിനെ തുടർന്ന് ജയിൽ അധികൃതർ മുരുകനെ ഏകാന്ത തടവിലിട്ടിരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് 10 ദിവസത്തോളമായി നളിനിയും മുരുകനും ജയിലിൽ നിരാഹാരം കിടക്കുകയാണ്. നളിനി നിലവിൽ വെള്ളൂരിലെ വനിതകൾക്കുള്ള പ്രത്യേക ജയിലിലാണ്.
രാജീവ്ഗാന്ധി വധക്കേസിലെ കുറ്റവാളികളായ എ.ജി പേരറിവാളൻ, വി. ശ്രീഹരൻ എന്ന മുരുകൻ, ടി. സുദേന്ദ്രരാജ എന്ന ശാന്തൻ, ജയകുമാർ, റോബർട്ട് പയസ്, രവിചന്ദ്രൻ, മുരുകെൻറ ഭാര്യ നളിനി ശ്രീഹരൻ എന്നിവരെ ഭണഘടനയിലെ ആർട്ടിക്കിൾ 161 പ്രകാരം വിട്ടയക്കാനുള്ള തമിഴ്നാട് സർക്കാറിെൻറ തീരുമാനം ഗവർണർ ബൻവാരിലാൽ പുരോഹിതിെൻറ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.