ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾ: യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ ആരോപണത്തിൽ രാജ്നാഥ് സിങും ജയശങ്കറും മൗനംപാലിച്ചു- ശരദ് പവാർ

മുംബൈ: ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നടത്തിയ പ്രസ്താവനയിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും മൗനം പാലിച്ചെന്ന് എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാർ. ചില സർക്കാർ ഉദ്യോഗസ്ഥരുടെ മനുഷ്യാവകാശ ലംഘനങ്ങളുൾപ്പെടെ ഇന്ത്യയിലെ സമീപകാല സംഭവവികാസങ്ങൾ യു.എസ് നിരീക്ഷിച്ചുവരികയാണന്ന് ബ്ലിങ്കൻ പറഞ്ഞിരുന്നു.

തിങ്കളാഴ്ച വാഷിങ്ടണിൽ നടന്ന ടു പ്ലസ് ടു മന്ത്രിതല സമ്മേളനത്തിന് ശേഷം വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരുമായി ചേർന്ന് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലായിരുന്നു ബ്ലിങ്കന്‍റെ പരാമർശം.

ഉദ്യോഗസ്ഥരിൽ നിന്ന് കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്നുണ്ടെന്ന തരത്തിൽ നമ്മുടെ രാജ്യത്തിനെതിരെ ആരോപണങ്ങളുന്നയിക്കുമ്പോൾ കുറഞ്ഞത് രണ്ട് മന്ത്രിമാരും അത് നിഷേധിക്കണമായിരുന്നെന്ന് പവാർ പറഞ്ഞു. ഈ വാർത്ത തെറ്റാണെന്ന് അവർ പറയണമായിരുന്നു. എന്നാൽ രണ്ട് മന്ത്രിമാരും മൗനം പാലിക്കാൻ തീരുമാനിച്ചു. ലോകത്തിന് എന്ത് സന്ദേശമാണ് ഇതിൽ നിന്ന് ലഭിച്ചത്? -പവാർ ചോദിച്ചു.

രാജ്യത്ത് പൗരാവകാശങ്ങൾ ഹനിക്കപ്പെട്ടുവെന്ന് നേരത്തെയും വിദേശ സർക്കാറുകളുടെയും മനുഷ്യാവകാശ ഗ്രൂപ്പുകളുടെയും വിമർശനമുണ്ടായെങ്കിലും ഇന്ത്യ നിഷേധിച്ചിരുന്നു. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഇന്ത്യയിൽ സ്ഥാപിതമായ ‍ശക്തമായ ജനാധിപത്യ സമ്പ്രദായങ്ങളുണ്ടെന്നാണ് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടിയത്. മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കുന്നതിന് ഇന്ത്യൻ ഭരണഘടനയിൽ മതിയായ നിയമങ്ങളുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - Rajnath Singh, S Jaishankar should have negated Antony Blinken's 'human rights abuse in India' remark: Sharad Pawar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.