ന്യൂഡൽഹി: രാജ്യസഭയിൽ ബി.ജെ.പിയുടെ അംഗസംഖ്യ നൂറിലെത്തി. അസം, ത്രിപുര, നാഗാലാൻഡ് എന്നിവിടങ്ങളിൽനിന്ന് ഓരോ സീറ്റുകൾ ജയിച്ചതോടെയാണ് ബി.ജെ.പി അപൂർവ നേട്ടത്തിലെത്തിയത്. '90 ന് ശേഷം രാജ്യസഭയിൽ നൂറു സീറ്റുകൾ ലഭിക്കുന്ന ആദ്യ പാർട്ടിയാണ് ബി.ജെ.പി. ആറു സംസ്ഥാനങ്ങളിൽനിന്നുള്ള 13 സീറ്റുകളിലേക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടന്നത്. പഞ്ചാബിൽ ഉണ്ടായിരുന്ന ഏക സീറ്റ് നഷ്ടപ്പെട്ടെങ്കിലും മൂന്നു വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുമുള്ള ഓരോ സീറ്റുകൾ ബി.ജെ.പി നേടി.
നിലവിൽ 97 സീറ്റുകൾ ഉണ്ടായിരുന്ന ബി.ജെ.പിക്ക് ഇതോടെ നൂറു സീറ്റായി. 2014ൽ നരേന്ദ്ര മോദി അധികാരത്തിലെത്തുമ്പോൾ 55 സീറ്റുകൾ മാത്രമാണ് ബി.ജെ.പിക്ക് രാജ്യസഭയിലുണ്ടായിരുന്നത്. 245 സീറ്റുകളാണ് രാജ്യസഭയിൽ ആകെയുള്ളത്. ഇതിനുമുമ്പ് ഒരു പാർട്ടിക്ക് നൂറു സീറ്റിലേറെ ഉണ്ടായിരുന്നത് '90ൽ കോൺഗ്രസിനാണ്. അന്ന് കോൺഗ്രസിന് 108 അംഗങ്ങളുണ്ടായിരുന്നു.
ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഒഴിവുവന്ന നാലു രാജ്യസഭ സീറ്റുകളിൽ ബി.ജെ.പിക്കും സഖ്യകക്ഷിക്കും വിജയം. പാർലമെന്ററി ചരിത്രത്തിൽ ആദ്യമായാണ് മേഖലയിൽ നിന്ന് രാജ്യസഭയിൽ കോൺഗ്രസിന് ഒരു പ്രതിനിധി പോലും ഇല്ലാതാകുന്നത്.
ത്രിപുരയിലെ സീറ്റ് തങ്ങളുടെ അംഗബലത്തിന്റെ മികവിൽ ബി.ജെ.പി വിജയിച്ചപ്പോൾ നാഗാലൻഡിൽ എതിരാളികളുണ്ടായില്ല. പ്രതിപക്ഷത്തിന്റെ അസാധുവോട്ടും ക്രോസ് വോട്ടിങ്ങും തുണയായതോടെ അസമിലെ രണ്ട് സീറ്റുകൾ ബി.ജെ.പിയും സഖ്യകക്ഷിയായ യു.പി.പി.എല്ലും സ്വന്തമാക്കി.
രാജ്യസഭ തെരഞ്ഞെടുപ്പിൽ ഏഴ് കോൺഗ്രസ് എം.എൽ.എമാർ തങ്ങൾക്ക് വോട്ടുചെയ്തതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. 126 അംഗ നിയമസഭയിൽ രണ്ട് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ നാലുവോട്ടിന്റെ കുറവുണ്ടായിരുന്നു ബി.ജെ.പിക്ക്. പ്രതിപക്ഷത്തിന് ഒരുസീറ്റിൽ വിജയിക്കാൻ സാധ്യതയുണ്ടായിരുന്നു. ബി.ജെ.പിയുടെ പവിത്ര മാർഗരിതയും യു.പി.പി.എല്ലിന്റെ റ്വങ്ക്ര നർസാരിയുമായിരുന്നു എൻ.ഡി.എ സ്ഥാനാർഥികൾ. എന്നാൽ പ്രതിപക്ഷം നിർത്തിയ കോൺഗ്രസിന്റെ സിറ്റിങ് എം.പി റിപുൺ ബോറക്ക് തോൽവി പിണഞ്ഞു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് 14ൽ 13 സീറ്റുകളും എൻ.ഡി.എയാണ് കൈയ്യാളുന്നത്. അസമിൽ നിന്നുള്ള ഒരുസീറ്റിൽ സ്വതന്ത്രനാണ് വിജയിച്ചത്.
നാഗാലാൻഡിൽ നിന്നുള്ള സീറ്റിൽ ബി.ജെ.പിക്ക് എതിരാളികളില്ലായിരുന്നു. നേരത്തെ ബി.ജെ.പി സഖ്യകക്ഷി എൻ.പി.എഫിന്റെ കൈവശമായിരുന്നു സീറ്റ്. നാഗാലാൻഡിൽ നിന്ന് രാജ്യസഭയിലെത്തുന്ന ആദ്യ വനിതയായി എസ്. ഫാൻഗ്നോൻ കോൻയാക് ചരിത്രമെഴുതി. ത്രിപുരയിൽ സി.പി.എമ്മാണ് ബി.ജെ.പിയോട് തോറ്റത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ മാണിക് സാഹയാണ് ത്രിപുരയിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ വിജയിച്ചത്. സി.പി.എം സ്ഥാനാർഥിയും മുൻ എം.എൽ.എയുമായ ഭാനുലാൽ സാഹയാണ് തോറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.