ന്യൂഡൽഹി: കേട്ടുകേൾവിയില്ലാത്ത നടപടിയിൽ രാജ്യസഭ അധ്യക്ഷൻ ജഗ്ദീപ് ധൻഖർ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയെ പേരെടുത്ത് വിമർശിച്ച് പ്രസ്താവന നടത്തിയത് വിവാദമായി. സഭക്കു പുറത്ത് നേതാക്കൾ നടത്തുന്ന രാഷ്ട്രീയ പ്രസംഗങ്ങൾക്ക് മറുപടിയായി ഉപരാഷ്ട്രപതി കൂടിയായ രാജ്യസഭ ചെയർമാൻ പ്രസ്താവനയിറക്കുന്നത് ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി പ്രതിഷേധിച്ച പ്രതിപക്ഷം സമാപന ദിവസവും ഇറങ്ങിപ്പോയി.
ജുഡീഷ്യറിക്ക് നിയമപ്രാബല്യമില്ലാതാക്കാൻ കണക്കുകൂട്ടിയുള്ള നീക്കം ഉന്നത ഭരണഘടനാപദവികളിൽ നിന്നുണ്ടാകുന്നുവെന്ന് സോണിയ കുറ്റപ്പെടുത്തിയത് തന്നെ കുറിച്ചാണെന്നു വ്യക്തമാക്കിയാണ് ധൻഖർ രംഗത്തുവന്നത്. യു.പി.എ അധ്യക്ഷയുടെ നിരീക്ഷണം അനുചിതവും ജനാധിപത്യത്തിൽ അവിശ്വാസം കുറിക്കുന്നതുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഉന്നത ഭരണഘടന അധികാര കേന്ദ്രം വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി കോടതിയെ ആക്രമിച്ചുവെന്ന് സോണിയ കുറ്റപ്പെടുത്തിയിരുന്നു. കോടതികൾക്ക് നിയമപ്രാബല്യമില്ലാതാക്കുക എന്നത് തന്റെ ഉദ്ദേശ്യമായിരുന്നില്ലെന്നും ധൻഖർ പറഞ്ഞു.
1952 മുതൽ 2017 വരെയുള്ള സഭാധ്യക്ഷന്മാരുടെ നിരീക്ഷണങ്ങളിലുള്ള റൂളിങ് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് പ്രമോദ് തിവാരിയാണ് രാജ്യസഭയിൽ വിഷയമുന്നയിച്ചത്. സഭക്കു പുറത്ത് കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി യോഗത്തിൽ സോണിയ ഗാന്ധി നടത്തിയ പ്രസംഗത്തിന് സഭാധ്യക്ഷൻ മറുപടി പറയുന്നത് അനുചിതവും നിർഭാഗ്യകരവുമാണെന്ന് തിവാരി പറഞ്ഞു.
കോടതികളെ അവമതിക്കുന്നുവെന്ന രാജ്യത്തിന്റെ ചിന്തയാണ് സോണിയ ഗാന്ധി പങ്കുവെച്ചത്. പാരമ്പര്യവും കീഴ്വഴക്കവും തെറ്റിച്ച പ്രസ്താവന നീക്കണമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും ആവശ്യപ്പെട്ടു. ലോക്സഭയിൽ പറഞ്ഞ കാര്യത്തിൽ പോലും രാജ്യസഭ മറുപടി പറയാൻ പാടില്ലെന്നിരിക്കെ അധ്യക്ഷൻ ചെയ്തത് നിർഭാഗ്യകരമാണ്.
താൻ നാളെ വല്ലതും ബംഗളൂരുവിൽ സംസാരിച്ചാൽ താങ്കൾ അതിലും പ്രതികരണവുമായി വരും. തെറ്റായ കീഴ്വഴക്കമുണ്ടാക്കാതെ പറഞ്ഞതത്രയും സഭാരേഖകളിൽനിന്ന് നീക്കണമെന്ന് ഖാർഗെ ആവശ്യപ്പെട്ടു. ഡി.എം.കെ നേതാവ് തിരുച്ചി ശിവ അടക്കം പ്രതിപക്ഷ നേതാക്കൾ ചെയർമാന്റേത് തെറ്റായ കീഴ്വഴക്കമാണെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസിനൊപ്പം നിന്നു.
എന്നാൽ, ധൻഖർ പ്രസ്താവനയിൽ ഉറച്ചുനിൽക്കണമെന്ന് ഭരണപക്ഷ സഭാനേതാവും കേന്ദ്രമന്ത്രിയുമായ പിയൂഷ് ഗോയൽ ആവശ്യപ്പെട്ടു. തനിക്കെതിരായ പ്രസ്താവനയിൽനിന്ന് ഓടിയൊളിക്കുകയാണെന്ന് തോന്നാതിരിക്കാനും ഭരണഘടന സ്ഥാപനത്തെയും ജനാധിപത്യത്തെയും രക്ഷിക്കാനുമാണ് പ്രസ്താവന നടത്തിയതെന്നു പറഞ്ഞ് ധൻഖർ നിലപാടിലുറച്ചുനിന്നതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.