ന്യൂഡൽഹി: സിനിമ ചോരണത്തിന് മൂന്നു മാസം മുതൽ മൂന്നു വർഷം വരെ തടവും മൂന്നു ലക്ഷം മുതൽ മൊത്തം നിർമാണ ചെലവിന്റെ അഞ്ചു ശതമാനം വരെ പിഴയും വ്യവസ്ഥ ചെയ്തും സിനിമകളുടെ ‘യു’ ‘എ’ സർട്ടിഫിക്കറ്റുകളിൽ മാറ്റം വരുത്തിയുമുള്ള സിനിമാറ്റോഗ്രഫി ഭേദഗതി ബിൽ 2023 രാജ്യസഭ പാസാക്കി.
മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം നടത്തിയ ഇറങ്ങിപ്പോക്കിനു ശേഷമാണ് സഭ എതിർപ്പില്ലാതെ ബിൽ പാസാക്കിയത്. സിനിമകളുടെ ഏതെങ്കിലും ഭാഗം അനധികൃതമായി റെക്കോഡ് ചെയ്യുന്നത് തടയാൻ 6 എ.എ വകുപ്പും അത്തരം പ്രദർശനം തടയാൻ 6 എ.ബി വകുപ്പും സിനിമാറ്റോഗ്രഫി നിയമത്തിൽ പുതുതായി ഉൾപ്പെടുത്തിയാണ് ഭേദഗതി. ഈ വകുപ്പുകൾ ലംഘിക്കുന്നവർക്ക് മൂന്നു മാസം മുതൽ മൂന്നു വർഷം വരെ തടവും മൂന്നു ലക്ഷം രൂപ തൊട്ട് സിനിമയുടെ മൊത്തം നിർമാണച്ചെലവിന്റെ അഞ്ചു ശതമാനം വരെ തുക പിഴയും ശിക്ഷ ലഭിക്കും.
അനുമതി നൽകിയ സിനിമകൾ തടയാൻ കേന്ദ്രത്തിന് സെൻസർ ബോർഡിന് മേൽ അധികാരം നൽകിയിരുന്ന 1952ലെ സിനിമാറ്റോഗ്രഫി നിയമത്തിലെ 6(1) വകുപ്പ് നീക്കം ചെയ്താണ് പുതിയ ബിൽ രാജ്യസഭ പാസാക്കിയത്. 2000 നവംബറിൽ ശങ്കരപ്പ കേസിൽ പുറപ്പെടുവിച്ച വിധിയിലൂടെ സുപ്രീംകോടതി അസാധുവാക്കിയ വകുപ്പാണിത്.
അതേ സമയം, നിയമപ്രകാരം സിനിമകൾ രാജ്യത്തിലൊന്നാകെയോ ഏതെങ്കിലും ഭാഗത്തോ തടയാൻ സർക്കാറിന് അധികാരം നൽകുന്ന, നിലവിലെ 6(2) വകുപ്പ് നിലനിർത്തി.
നിലവിൽ സെൻസർ ബോർഡ് നൽകുന്ന ‘യു’, ‘എ’, ‘യുഎ’ സർട്ടിഫിക്കറ്റുകൾക്ക് പകരം വയസ്സ് ആധാരമാക്കി സർട്ടിഫിക്കറ്റുകൾ തരം തിരിക്കാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു. ഏഴ് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മാത്രം കാണാവുന്ന സിനിമകൾക്ക് ‘യുഎ 7+’, 13 വയസ്സിന് മുകളിലുള്ളവർക്ക് ‘യുഎ 13+’, 16 വയസ്സിന് മുകളിലുള്ളവർക്ക് മാത്രം കാണാവുന്ന സിനിമകൾക്ക് ‘യുഎ 16+’ സർട്ടിഫിക്കറ്റുകളാണ് ഇനി മുതൽ സെൻസർ ബോർഡ് നൽകുക.
ടെലിവിഷനിലും മറ്റു മാധ്യമങ്ങളിലും സിനിമ പ്രദർശനത്തിന് വ്യത്യസ്ത സർട്ടിഫിക്കറ്റുകൾ നൽകുന്ന തരത്തിൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെ ശക്തിപ്പെടുത്തണമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. കേന്ദ്രമന്ത്രി അനുരാഗ് ഠാകുർ സഭയിൽ ചർച്ചക്ക് മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.