വിവാദ നിയമം പാർലമെന്‍റ് കടന്നു

ന്യൂഡൽഹി: ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യക്കാരെ നിരീക്ഷിക്കാൻ ഉണ്ടാക്കിയ 'തടവുകാരെ തിരിച്ചറിയൽ നിയമം' ഭേദഗതി ചെയ്ത് കടുത്ത വ്യവസ്ഥകൾ ഉൾപ്പെടുത്തിയ 'ക്രിമിനൽ നടപടി (തിരിച്ചറിയൽ) ബിൽ 2022' വൻ പ്രതിഷേധത്തിനിടയിൽ പാർലമെന്‍റ് കടന്നു.

ചൂടേറിയ വാദപ്രതിവാദങ്ങൾക്കൊടുവിൽ ബിൽ പാർലമെന്‍റിന്‍റെ സ്ഥിര സമിതിക്ക് അയക്കണമെന്ന പ്രതിപക്ഷ പ്രമേയം വോട്ടിനിട്ട് തള്ളിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ബിൽ രാജ്യസഭ പാസാക്കിയത്. രാഷ്ട്രപതിയുടെ അംഗീകാരം കൂടിയായാൽ ബിൽ നിയമമാകും. പൊലീസ് കരുതൽ തടങ്കലിലാക്കുന്നവരോ, ഏഴുവർഷം വരെ തടവ് ശിക്ഷയുള്ള കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റിലായവരോ, ഏതെങ്കിലും കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ടവരോ ആയ ഏതൊരാളുടെയും ഡി.എൻ.എ അടക്കം ശരീര, ജൈവ സാമ്പിളുകൾ ശേഖരിക്കാൻ ഹെഡ് കോൺസ്റ്റബിൾ റാങ്കിലുള്ള ഉദ്യോഗസ്ഥനു പോലും അനുമതി നൽകുന്ന ബില്ലിന് ലോക്സഭ നേരത്തെ അംഗീകാരം നൽകിയിരുന്നു.

പാർലമെന്‍ററി സമിതിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യത്തെ 59നെതിരെ 97 വോട്ടിനാണ് രാജ്യസഭ തള്ളിയത്. വൈ.എസ്.ആർ കോൺഗ്രസ്, തെലങ്കാന രാഷ്ട്ര സമിതി അടക്കമുള്ളവരുടെ പിന്തുണ കേന്ദ്രത്തിന് ലഭിച്ചപ്പോൾ ബില്ലിനെതിരെ ശക്തമായ നിലപാടെടുത്തിരുന്ന സി.പി.എം എം.പിമാർ വോട്ടെടുപ്പിന് എത്തിയില്ല. കേരളത്തിൽ നിന്നുള്ള സി.പി.എം രാജ്യസഭ അംഗങ്ങളെല്ലാം കണ്ണൂരിൽ പാർട്ടി കോൺഗ്രസിന് പോയതിനാൽ സി.പി.എമ്മിനെ ഉന്നമിട്ട് അമിത് ഷാ നടത്തിയ ആക്രമണത്തെ പ്രതിരോധിക്കാൻ കേരളത്തിൽനിന്നുള്ള രണ്ട് സി.പി.ഐ അംഗങ്ങൾ മാത്രമാണുണ്ടായിരുന്നത്.മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം, തൃണമൂൽ കോൺഗ്രസ് നേതാവ് സുകേന്ദു ശേഖർ റോയ്, ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്, സി.പി.ഐ നേതാവ് ബിനോയ് വിശ്വം എന്നിവർ നിരത്തിയ വിമർശനങ്ങളെല്ലാം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തള്ളി.

രാഷ്ട്രീയ തടവുകാർക്കെതിരെ നിയമം പ്രയോഗിക്കില്ലെന്ന് അമിത് ഷാ വാഗ്ദാനം ചെയ്തു. അതേസമയം രാഷ്ട്രീയ നേതാക്കൾക്കെതിരെ ക്രിമിനൽ കേസ് വന്നാൽ സാമ്പിളുകൾ ശേഖരിക്കുമെന്നും കൂട്ടിച്ചേർത്തു. സാമ്പിളുകൾ ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയിൽ ഭദ്രമായിരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

Tags:    
News Summary - Rajya Sabha passes Criminal Procedure (Identification) Bill, 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.