രാജ്യസഭ തെരഞ്ഞെടുപ്പ്: രാജസ്ഥാനിൽ വിമതരെ അനുനയിപ്പിച്ച് കോൺഗ്രസ്

ജയ്പൂർ: രാജസ്ഥാനിൽ നാലു സീറ്റുകളിൽ ജൂൺ 10ന് രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിമത സ്വരമുയർത്തിയ ആറു കോൺഗ്രസ് എം.എൽ.എമാരെ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് അനുനയിപ്പിച്ചു. ഇവർ മുഖ്യമന്ത്രിക്കൊപ്പം ഉദയ്പൂരിലെ ഹോട്ടലിലെത്തി. തെരഞ്ഞെടുപ്പിൽ ബി.ജെ.പി കുതിരക്കച്ചവടത്തിന് തുനിയുമെന്ന ആശങ്കയിൽ തങ്ങളുടെ എം.എൽ.എമാരെ കോൺഗ്രസ് നേരത്തേ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ആറ് കോൺഗ്രസ് എം.എൽ.എമാരുടെ നീക്കം ഭരണകക്ഷിയെ വലച്ചു. 2020ൽ ബി.എസ്.പിയിൽനിന്ന് കോൺഗ്രസിലെത്തിയ നാലു പേർ ഉൾപ്പെടെയുള്ളവരാണ് വിമത ശബ്ദമുയർത്തിയത്.

ഈ ആറു എം.എൽ.എമാരുമായി ശനിയാഴ്ച രാത്രി ഗെഹ് ലോട്ട് ചർച്ച നടത്തിയിരുന്നു. സംസ്ഥാനത്ത് 2020ൽ രാഷ്ട്രീയ പ്രതിസന്ധിയുണ്ടായപ്പോൾ സുസ്ഥിര സർക്കാറുണ്ടാക്കാനാണ് ബി.എസ്.പി എം.എൽ.എമാർ കോൺഗ്രസിൽ ചേർന്നതെന്നും രാജ്യസഭ തെരഞ്ഞെടുപ്പിൽ ഇവർ തങ്ങളെ പിന്തുണക്കുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നത് എങ്ങനെയാണെന്നും ഗെഹ് ലോട്ട് ചോദിച്ചു. രാജ്യസഭ തെരഞ്ഞെടുപ്പിൽ മൂന്നു സീറ്റുകളിലും കോൺഗ്രസ് ജയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കുതിരക്കച്ചവടം നടന്നേക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ച് ബി.ജെ.പിക്കെതിരെ കോൺഗ്രസ് അഴിമതി വിരുദ്ധ ബ്യൂറോക്ക് പരാതി നൽകി. പാർട്ടി ചീഫ്‍ വിപ് മഹേഷ് ജോഷിയാണ് പരാതി നൽകിയത്. മുകുൾ വാസ്നിക്, പ്രമോദ് തിവാരി, രൺദീപ് സിങ് സുർജേവാല എന്നിവരാണ് കോൺഗ്രസ് സ്ഥാനാർഥികൾ. രണ്ടു സീറ്റുകളിൽ കോൺഗ്രസിന് ജയം ഉറപ്പാണ്. മൂന്നാമത്തെ സ്ഥാനാർഥി ജയിക്കണമെങ്കിൽ സ്വതന്ത്രർ ഉൾപ്പെടെയുള്ളവരുടെ വോട്ട് ലഭിക്കണം.

ബി.ജെ.പിക്ക് ഒരു സ്ഥാനാർഥിയെ ജയിപ്പിക്കാനുള്ള എം.എൽ.എമാരുണ്ട്. മാധ്യമ ഭീമൻ സുഭാഷ്ചന്ദ്രയെ ബി.ജെ.പി സ്വതന്ത്രനായി രംഗത്തിറക്കിയതാണ് കോൺഗ്രസിന് അസ്വസ്ഥത സൃഷ്ടിച്ചത്. ഇദ്ദേഹത്തെ പാർട്ടിക്ക് പുറത്തുനിന്നുള്ള എം.എൽ.എമാരുടെ പിന്തുണയോടെ ജയിപ്പിക്കാമെന്നാണ് ബി.ജെ.പി കണക്കുകൂട്ടൽ.

Tags:    
News Summary - Rajya Sabha polls: Congress appeases insurgents in Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.