ന്യൂഡൽഹി: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയിനിൽ നിന്ന് തിരിച്ചുവന്ന മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ തുടർപഠനത്തിന് അവസരം ഒരുക്കണമെന്ന കാര്യത്തിൽ രാജ്യസഭ ഒറ്റക്കെട്ട്. ഈ വിഷയത്തിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയ എം.പിമാരാണ് വിഷയം രാജ്യസഭയിലുന്നയിച്ചത്.
സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിേഷധിച്ച ശേഷമാണ് വിഷയം പരാമർശിക്കാൻ രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു അവസരം നൽകിയത്. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ ചൊവ്വാഴ്ച പ്രസ്താവന നടത്തുമെന്ന് ചെയർമാൻ അറിയിച്ചു. വിഷയം വിദ്യാർഥികളുടെ ഭാവിയുമായി ബന്ധപ്പെട്ടതാണെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ ആ നോട്ടീസുകളെല്ലാം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നായിരുന്നു നായിഡുവിന്‍റെ മറുപടി.
യുക്രെയിനിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥികളുടെ തുടർപഠനത്തിനായി രണ്ട് മുതൽ അഞ്ച് ശതമാനം വരെ സീറ്റുകൾ രാജ്യത്തെ എല്ലാ സ്വകാര്യ, സർക്കാർ മെഡിക്കൽ കോളജുകളിലും വർധിപ്പിക്കണമെന്ന് ഒഡിഷയിൽ നിന്നുള്ള ബിജു ജനതാദൾ നേതാവ് ഡോ. അമർ പട്നായിക് ആവശ്യപ്പെട്ടു. ക്ലിനിക്കൽ കംപോണന്‍റ് അടങ്ങുന്ന അഞ്ചാം വർഷ വിദ്യാർഥികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും ഡോ. പട്നായിക് ആവശ്യപ്പെട്ടു.
യുക്രെയ്നിൽ നിന്ന് മടങ്ങിവന്ന മുഴുവൻ വിദ്യാർഥികളുടെയും ഭാവിയിൽ അവരുടെ കുടുംബങ്ങൾ ആശങ്കയിലൊണെന്ന് കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം.പി കെ.സി വേണുഗോപാൽ പറഞ്ഞു. ആ വിദ്യാർഥികളുടെ വിദ്യാഭ്യാസം മുടങ്ങിയ അവസ്ഥയിലാണ്. അവരുടെ കാര്യത്തിൽ എന്താണ് ചെയ്യാൻ പോകുന്നതെന്ന് സർക്കാർ പറയേണ്ടതുണ്ട്. തുടർപഠനത്തിന്‍റെ കാര്യത്തിൽ അവർക്ക് ആശ്വാസം നൽകേണ്ടതുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.
യുക്രെയിനിൽ നിന്ന് തിരിച്ചുവന്നവരിലേറെയും മെഡിസിൻ വിദ്യാർഥികളാണെന്ന് അവരുടെ ഭാവി അനിശചിതത്വത്തിലാണെന്നും തെലുഗുദേശം പാർട്ടിയുടെ കനകമേദ്ലാ രവീന്ദ്ര കുമാർ ചൂണ്ടിക്കാട്ടി. മടങ്ങിവന്ന എല്ലാ വിദ്യാർഥികൾക്കും നാഷനൽ മെഡിക്കൽ കമീഷനുമായും ബന്ധപ്പെട്ട അധികൃതരുമായും ചർച്ച ചെയ്ത് കേന്ദ്ര സർക്കാർ ഇന്ത്യയിലെ മെഡിക്കൽകോളജുകളിൽ തുടർപഠനത്തിന് അവസരം ഒരുക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യയിൽ തുടർ പഠനത്തിന് അവസരം നൽകണമെന്ന കാര്യത്തിൽ അംഗങ്ങളെല്ലാവരും ഒറ്റക്കെട്ടായപ്പോൾ പിന്തുണക്കുന്നവർ രേഖാമൂലം എഴുതി നൽകാൻ വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നിലവിലുള്ള ചട്ടങ്ങളും മറ്റും സർക്കാറിന് നോക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.