ആൽവാർ: പൊലീസ് കസ്റ്റഡിയിലായവർ സാധാരണ കാണപ്പെടുന്നതുപോലെത്തന്നെയായിരുന്നു ആ ചിത്രം. മുട്ടു മടക്കി പൊലീസ് വാഹനത്തിൽ ഇരിക്കുന്ന യുവാവ്. എന്നാൽ, പ്രയാസപ്പെട്ട് കാമറക്കു നേരെ നോക്കുന്നുമുണ്ട്. മറ്റൊരു ചിത്രത്തിൽ തലകുനിച്ച് ഇരിക്കുകയാണ്. മർദനമേറ്റ് അവശനാണെങ്കിലും സ്വയം സംസാരിക്കുന്ന ചിത്രങ്ങളായിരുന്നു അത്. ഒട്ടും മരണാസന്നനല്ല. അതുതന്നെയാണ് ഡോ. ഹസൻ അലി ഖാനും പറയുന്നത്. ചിത്രത്തിൽ കാണുന്ന രക്ബർ ഖാനും ആശുപത്രിയിലെത്തിയ രക്ബർ ഖാനും തമ്മിൽ വലിയ അന്തരമുണ്ടായിരുന്നുവെന്ന് അദ്ദേഹം അമ്പരപ്പോടെ കൂട്ടിച്ചേർക്കുന്നു. രാംഗഢിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ രക്ബർ ഖാെൻറ മരണം സ്ഥിരീകരിച്ചത് ഡോ. ഹസൻ അലി ഖാനാണ്. രക്ഷിക്കാനാകുമായിരുന്ന ഒരാളെയാണ് ചിത്രങ്ങളിൽ കാണുന്നതെന്ന് ഡോ. ഹസൻ ആവർത്തിക്കുന്നു.
ഗോരക്ഷക ഗുണ്ടകളുടെ കൊടും മർദനമേറ്റ ശേഷം പൊലീസ് കൊണ്ടുപോയ രക്ബറിന് അവിടെയും മർദനമേറ്റോ എന്നതാണ് സംശയം. ഗോരക്ഷക ഗുണ്ടാ ആക്രമണത്തെപ്പറ്റി പൊലീസിൽ അറിയിക്കുകയും പിന്നീട് രക്ബറിനെ ആശുപത്രിയിലെത്തിക്കാനെടുത്ത മൂന്നു മണിക്കൂർ സമയം പൊലീസിനെ പിന്തുടരുകയും ചെയ്ത നവൽ കിഷോറാണ് വിവാദ ചിത്രങ്ങൾ പുറത്തുവിട്ടത്. മർദനമേറ്റ സ്ഥലത്ത് രക്ബർ ഖാൻ കുഴഞ്ഞുവീണുവെന്ന പൊലീസ് എഫ്.െഎ.ആറിനെയും തള്ളുന്നതാണ് പുറത്തുവന്ന ചിത്രങ്ങൾ.
അത്ര കൊടിയ മർദനം രക്ബറിന് ഏറ്റിട്ടില്ലെന്ന് നവൽ കിഷോർ പറയുന്നു. താൻ എടുത്ത ചിത്രത്തിൽ അദ്ദേഹം അത്ര അവശനല്ല, പൊലീസ് സ്റ്റേഷനിൽ എത്തുന്നതുവരെ രക്ബറിന് വലിയ കുഴപ്പമില്ല. ശനിയാഴ്ച പുലർച്ച നാലിനാണ് രക്ബറിനെ ആശുപത്രിയിലെത്തിച്ചത്. അന്ന് പുലർച്ച ഒരുമണിക്കാണ് രക്ബറിനെ പൊലീസ് സ്വന്തം വാഹനത്തിൽ കയറ്റുന്നത്. ആക്രമണം നടന്ന ലല്ലൻവാഡി ഗ്രാമത്തിൽനിന്ന് വെറും 20 മിനിറ്റുകൊണ്ട് എത്തിക്കാമായിരുന്ന ആശുപത്രിയിൽ രക്ബറിനെ എത്തിച്ചതാകെട്ട മൂന്നു മണിക്കൂർ വൈകിയും -കിഷോർ പറയുന്നു.
മരണകാരണം വാരിയെല്ല് പൊട്ടിയത് –പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ജയ്പുർ: മർദനത്തിൽ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ കയറിയാണ് രക്ബർ ഖാൻ മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിലേറ്റ മറ്റു പരിക്കുകളുടെ ആഘാതവും മരണകാരണമായിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകിയ ആൽവാർ ജനറൽ ആശുപത്രിയിലെ ഡോക്ടർമാരായ സഞ്ജയ് ഗുപ്ത, അമിത് മിത്തൽ, രാജീവ് ഗുപ്ത എന്നിവർ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ആൽവാറിലെ രാംഗഢ് വഴി പശുക്കളുമായി സ്വന്തം ഗ്രാമത്തിലേക്ക് വരുേമ്പാഴാണ് ഗോരക്ഷക ഗുണ്ടകളുടെ ക്രൂരമർദനത്തിന് രക്ബർ ഖാൻ ഇരയായത്.
കൂടെയുണ്ടായിരുന്ന സുഹൃത്ത് അസ്ലം ഒാടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് ഉത്തരവാദികളായ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രക്ബർ ഖാനെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന ആരോപണത്തെ തുടർന്ന് ഇതേപ്പറ്റി അന്വേഷിക്കാൻ നാലംഗ സമിതിയും രൂപവത്കരിച്ചിട്ടുണ്ട്. സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്ടർ മോഹൻ സിങ്ങിനെ സസ്പെൻഡ് ചെയ്യുകയും മൂന്ന് പൊലീസുകാരെ സ്ഥലം മാറ്റുകയും ചെയ്തു. തനിക്ക് വീഴ്ച പറ്റിയെന്ന് മോഹൻ സിങ് പറയുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതും നടപടിക്ക് കാരണമായി. അതേസമയം, രക്ബർ ഖാനെ കസ്റ്റഡിയിൽ എടുത്തശേഷം പൊലീസ് മർദിച്ചോയെന്നതും സമിതി അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.