ചണ്ഡീഗഢ്: ഹരിയാന തെരഞ്ഞെടുപ്പ് ഫലം അക്ഷരാർഥത്തിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. കടുത്ത ഭരണവിരുദ്ധ വികാരം നിലനിൽക്കുന്ന സംസ്ഥാനത്ത് ബി.ജെ.പി ഹാട്രിക് തികക്കില്ലെന്നും കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നുമാണ് എല്ലാ എക്സിറ്റ് പോളുകളും ഒരേസ്വരത്തിൽ വിധിയെഴുതിയത്. കർഷക സമരവും ഗുസ്തിതാരങ്ങളുടെ പ്രതിഷേധവും അഗ്നിവീർ പദ്ധതിയുമെല്ലാം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നായിരുന്നു കരുതിയിരുന്നതും.
ഹരിയാനയിൽ ബി.ജെ.പിയുടെ ഹാട്രിക് വിജയത്തിനു പിന്നിലെ കാരണങ്ങളിലൊന്ന് ദേര സച്ച സൗദ നേതാവ് ഗുർമീത് റാം റഹീം സിങ്ങിന്റെ സ്വാധീനവുമുണ്ടെന്നാണ് വിലയിരുത്തൽ. ബലാത്സംഗ-കൊലപാതകക്കേസുകളിൽ ജയിൽ ശിക്ഷയനുഭവിക്കുന്ന ഗുർമീത് സിങ്ങിന് വോട്ടെടുപ്പിന് തൊട്ടുമുമ്പ് പരോൾ അനുവദിച്ചിരുന്നു. ഗുർമീതിന്റെ പിന്തുണയുറപ്പിക്കാനാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പി സർക്കാർ പരോൾ അനുവദിച്ചതെന്നും ആരോപണമുയർന്നു. ഇത് ശരിവെക്കുന്ന രീതിയിൽ ജയിൽ മോചിതനായ ഗുർമീത് ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് അനുയായികളോട് ആഹ്വാനം ചെയ്തു. മാത്രമല്ല, അവരവർ താമസിക്കുന്ന പ്രദേശങ്ങളിൽ നിന്ന് കൂടുതൽ ആളുകളെ ബി.ജെ.പിയിലേക്ക് എത്തിക്കണമെന്നും ആവശ്യപ്പെട്ടു.
ഹരിയാനയിലെ 28 മണ്ഡലങ്ങളിൽ ദേര അനുയായികളുണ്ട്. അതിൽ 15 ഇടങ്ങളിൽ കോൺഗ്രസിന് നേട്ടമുണ്ടാക്കാൻ സാധിച്ചു. 10 ഇടങ്ങളിലാണ് ബി.ജെ.പിക്ക് മുന്നേറ്റമുണ്ടായത്. രണ്ടിടത്ത് ഇന്ത്യൻ നാഷനൽ ലോക് ദളും ഒരിടത്ത് സ്വതന്ത്ര സ്ഥാനാർഥിയുമാണ് വിജയിച്ചത്.
അതായത് ദേര സച്ചാ സൗദ അനുയായികൾ ഉള്ളിടത്ത് കോൺഗ്രസിന്റെ വോട്ടിങ് ശതമാനം 53.57 ശതമാനം ആയി. ബി.ജെ.പിക്ക് 35.71 ശതമാനം വോട്ടാണ് ലഭിച്ചത്. ഒരുപക്ഷേ ദേര സച്ചാ സൗദ നേതാവിന്റെ പരോളിനെ കോൺഗ്രസ് നേതാക്കളിൽ ഭൂരിഭാഗവും പരസ്യമായി എതിർക്കാതിരുന്നത് വോട്ട്ചോർച്ചയുണ്ടാകുമെന്ന് പേടിച്ചിട്ടായിരിക്കും.
മുൻകാലങ്ങളിൽ ദേര സച്ച സൗദ ശിരോമണി അകാലി ദളിനെയും ബി.ജെ.പിയെയും കോൺഗ്രസിനെയും പിന്തുണിച്ചിരുന്നു. 2007ലെ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ ദേരകൾ കോൺഗ്രസിനെയാണ് പിന്തുണച്ചത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കും പിന്തുണ നൽകി. 2015ലെ ഡൽഹി, ബിഹാർ തെരഞ്ഞെടുപ്പുകളിൽ ദേരകൾ ബി.ജെ.പിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചു. ബിഹാറിൽ 3000 അനുയായികളാണ് ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.