സുപ്രീംകോടതി നിർദേശത്തിന് പിന്നാലെ പുതിയ പരസ്യവുമായി രാംദേവ്

ന്യൂഡൽഹി: സുപ്രീംകോടതി നിർദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ പരസ്യവുമായി യോഗ ഗുരു ബാബ രാംദേവും ആചാര്യ ബാലകൃഷ്ണനും. ബുധനാഴ്ചയാണ് പത്രങ്ങളിൽ രാംദേവിന്റെ പുതിയ മാപ്പപേക്ഷ പ്രത്യക്ഷപ്പെട്ടത്. പതഞ്ജലി ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിനാണ് മാപ്പപേക്ഷ. ഇത്തവണത്തെ മാപ്പപേക്ഷ പരസ്യം കൂടുതൽ വലിപ്പത്തിലാണ് നൽകിയിരിക്കുന്നത്. പരസ്യം ചെറുതായി നൽകരുതെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.

പരസ്യത്തിൽ ബാബ രാംദേവും ആചാര്യ ബാലകൃഷ്ണനും നിരുപാധികം മാപ്പ് പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായും പതഞ്ജലി ആയുർവേദയുടെ പേരിലും മാപ്പ് അപേക്ഷിച്ചിട്ടുണ്ട്. തെറ്റ് ഇനി ആവർത്തിക്കില്ലെന്നും ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ഹിമ കോഹ്‍ലിക്കും അഹ്സുദ്ദീൻ അമാനുള്ളക്കും മുമ്പാകെ 67 പത്രങ്ങളിൽ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചുവെന്നും ഇതിന് 10 ലക്ഷം രൂപ ചെലവായെന്നും രാംദേവ് അറിയിച്ചിരുന്നു. കൂടുതൽ പരസ്യം പ്രസിദ്ധീകരിക്കാൻ തയാറാണെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.

തുടർന്ന് കോടതി സാധാരണ വലിപ്പത്തിലുള്ള പരസ്യം പത്രങ്ങളിൽ പ്രസിദ്ധീകരിക്കാൻ ഇരുവരോടും നിർദേശിച്ചിരുന്നു. പത്രങ്ങളിലെ പരസ്യങ്ങൾ കോടതി മുമ്പാകെ സമർപ്പിക്കാനും ഉത്തരവുണ്ടായിരുന്നു. തെറ്റായ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചുവെന്ന കേസിൽ ബാബ രാംദേവിനും ആചാര്യ ബാലകൃഷ്ണനും സുപ്രീംകോടതിയിൽ നിന്ന് രൂക്ഷവിമർശനം കേൾക്കേണ്ടി വന്നിരുന്നു. രാംദേവ് സമർപ്പിച്ച തെറ്റായ സത്യവാങ്മൂലവുമായി ബന്ധപ്പെട്ടായിരുന്നു വിമർശനങ്ങൾ.

Tags:    
News Summary - Ramdev's new apology bigger than before after Supreme Court knock

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.