മുംബൈ: നിയമസഭ തെരഞ്ഞെടുപ്പിനുള്ള മഹാ വികാസ് അഘാഡി (എം.വി.എ)യുടെ സീറ്റ് വിഭജന ചർച്ച വഴിമുട്ടിയ സാഹചര്യത്തിൽ ശിവസേന (യു.ബി.ടി) അധ്യക്ഷനെ കണ്ട് കോൺഗ്രസ് ദേശീയ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് മഹാരാഷ്ട്ര അധ്യക്ഷൻ നാന പടോലെയുമായി ഇനി ചർച്ചക്കില്ലെന്ന് ഉദ്ധവ് പക്ഷ നേതാവ് സഞ്ജയ് റാവുത്ത് പരസ്യമായി പറഞ്ഞിരുന്നു.
എന്തിനുമേതിനും സ്വന്തം നിലപാടെടുക്കാതെ എല്ലാം പടോലെ ഹൈകമാൻഡിന് വിടുന്നതിൽ ചൊടിച്ചായിരുന്നു പ്രതികരണം. വിദർഭ മേഖലയിലെ സീറ്റുകളെ ചൊല്ലിയാണ് കോൺഗ്രസും ഉദ്ധവ് പക്ഷവും തമ്മിൽ തർക്കം. ഈയിടെ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനായ ഉദ്ധവ് താക്കറെയുടെ ആരോഗ്യസ്ഥിതി അറിയാൻ ചെന്നതാണെന്നാണ് ചെന്നിത്തല സന്ദർശന ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്.
കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാന പടോലെ, എൻ.സി.പി പവാർ പക്ഷ സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ, ഉദ്ധവ് പക്ഷ നേതാവ് സഞ്ജയ് റാവുത്ത് എന്നിവർ എം.വി.എയുടെ സീറ്റ് വിഭജന ചർച്ച തുടരുമെന്നും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഒരേ മനസ്സായതിനാൽ ശരദ് പവാർ പക്ഷവും ഉദ്ധവ് പക്ഷവും തമ്മിലെ ചർച്ച പൂത്തിയായെന്ന് സഞ്ജയ് റാവുത്ത് പറഞ്ഞു നിലവിൽ ദേശീയ രാഷ്ട്രീയം നിർണയിക്കുന്നത് പ്രാദേശിക പാർട്ടികളാണെന്നും അതിനാൽ തന്റെ പാർട്ടിക്ക് അർഹിക്കുന്ന പ്രാതിനിധ്യം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടയിൽ മഹാരാഷ്ട്രയിലെ ധുലെയിൽ പാർട്ടി പരിപാടിക്കെത്തിയ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉദ്ധവുമായി ചർച്ച നടത്തി.
12 സീറ്റുകൾ എം.വി.എയോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. രണ്ട് സിറ്റിങ് സീറ്റുകളിൽ അടക്കം നാലിടത്ത് സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തിന്റെ ഭാവി നിർണയിക്കുമെന്ന് അദ്ദേഹം ധുലെയിൽ പറഞ്ഞു. നവംബർ 20നാണ് തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.