ന്യൂഡൽഹി: അന്താരാഷ്ട്ര യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ റാൻഡം കോവിഡ് പരിശോധന. ഇന്ന് മുതൽ പരിശോധന ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം അധികൃതരെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യമന്ത്രി ഡോ.മൻസൂഖ് മാണ്ഡവ്യ യോഗം വിളിക്കുകയും ചെയ്തു.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ സ്ഥിതി വിലയിരുത്തിയെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. രാജ്യം പൂർണമായും കോവിഡിൽ നിന്നും മുക്തമായിട്ടില്ല. ശക്തമായ നിരീക്ഷണം തുടരണമെന്നും ഏത് സാഹചര്യവും നേരിടാൻ തയാറാകണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു.
ചൈനയെ പ്രതിസന്ധിയിലാക്കിയ കൊറോണയുടെ പുതിയ വകഭേദം ബി.എഫ്-7 ബാധിച്ച മൂന്നു കേസുകൾ കൂടി രാജ്യത്ത് സ്ഥിരീകരിച്ചു. ഗുജറാത്തിൽ രണ്ടു പേരിലും ഒഡീഷയിൽ ഒരാൾക്കുമാണ് കൊറോണയുടെ ഈ വകഭേദം ബാധിച്ചതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഈ വകഭേദത്തിന്‍റെ ആദ്യ കേസ് ഒക്ടോബറിൽ ഗുജറാത്ത് ബയോടെക്നോളജി റിസർച്ച് സെന്ററാണ് കണ്ടെത്തിയത്.
നിലവിൽ കോവിഡ് നിരക്കിൽ വർധനയില്ലെങ്കിലും പുതിയ വകഭേദങ്ങൾക്കെതിരെ ജാഗ്രത പാലിക്കുന്നതിന് നിരന്തര നിരീക്ഷണം ആവശ്യമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.