പ്രതീകാത്മക ചിത്രം

ബലാത്സം​ഗക്കേസ് പ്രതി കസ്റ്റഡിയിലിരിക്കെ തൂങ്ങി മരിച്ചു; അസിസ്റ്റൻ്റ് കമീഷണർ ഉൾപ്പെടെ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

ലഖ്നോ: ഉത്തർപ്രദേശിൽ ബലാത്സം​ഗക്കേസ് പ്രതി പൊലീസ് കസ്റ്റഡിയിലിരിക്കെ തൂങ്ങി മരിച്ചു. നോയിഡയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. 22 വയസുള്ള യുവാവാണ് മരണപ്പെട്ടത്. സംഭവത്തിന് പിന്നാലെ സംഭവസ്ഥലത്ത് നിയോ​ഗിച്ചിരുന്ന എല്ലാ ഉദ്യോ​ഗസ്ഥരെയും പൊലീസ് കമീഷണറിന്റെ നിർദേശപ്രകാരം സസ്പെൻഡ് ചെയ്തു.

ഗൗതം ബുദ്ധ നഗർ ജില്ലയിലെ ബിസ്രാഖ് പൊലീസ് സ്റ്റേഷൻ്റെ പരിധിയിൽ വരുന്ന ചിപിയാന ബുസുർഗ് പോസ്റ്റിലാണ് സംഭവം. വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. യുവാവിൻ്റെ പോസ്റ്റുമാർട്ടം ഉന്നതതല ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ടെന്നും വീഡിയോ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും പൊലീസ് പറഞ്ഞു. പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ്, അസിസ്റ്റൻ്റ് പൊലീസ് കമീഷണർ എന്നിവർക്കെതിരെയും അന്വേഷണം കടുപ്പിക്കാനാണ് നിർദേശം.

ചിപിയാനയിലെ സ്വകാര്യ സ്ഥാനപത്തിൽ ജോലി ചെയ്ത് വരികയായിരുന്ന യുവതിയാണ് യുവാവിനെതിരെ പൊലീസിൽ പരാതി നൽകിയത്. ചോദ്യം ചെയ്യലിന്റെ ഭാ​ഗമായി വ്യാഴാഴ്ച പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവിനോട് പുറത്ത് ഇരിക്കാൻ നിർദേശിച്ച ശേഷം പൊലീസ് സംഘം പോയിരുന്നു. വനിത കോൺസ്റ്റബിൾ മാത്രമായിരുന്നു സംഭവസമയം സ്റ്റേഷനിൽ‍ ഉണ്ടായിരുന്നത്. ഈ സമയം പ്രതി മുറിക്കകത്തുകയറി കതകടച്ച് ശേഷം ഫാനിൽ കെട്ടിത്തൂങ്ങുകയായിരുന്നു. പ്രതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

പൊലീസ് മർദിക്കുമെന്ന് ഭയത്താലാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. യുവതിയുടെ പരാതി വ്യാജമാണെന്നും യുവാവിന്റെ മരണത്തിന് ഉത്തരവാദി പരാതിക്കാരിയാണെന്നും സഹോദരൻ ആരോപിച്ചു. സംഭവത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിൽ നിന്നും പരാതി ലഭിച്ച ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. 

Tags:    
News Summary - Rape accused hanged himself while in custody; Suspension of officers including Assistant Commissioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.