മുംബൈ: ബലാത്സംഗത്തിന് ഇരയായ ശാരീരിക, ബുദ്ധി വൈകല്യമുള്ള 25 കാരിക്ക് 29 ആഴ്ച പ്രായമുള്ള ഗർഭം നീക്കംചെയ്യാൻ ബോംബെ ഹൈകോടതി അനുമതി നൽകി. മെഡിക്കൽ ബോർഡ് നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റിസുമാരായ രേവതി മൊഹിതേ ദരെ, ഗൗരി ഗോദ്സെ എന്നിവരുടെ ബെഞ്ച് അനുമതി നൽകിയത്. മകളുടെ വൈകല്യം ചൂണ്ടിക്കാട്ടി ഗർഭം നീക്കംചെയ്യാൻ അനുമതി തേടി പിതാവ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
കോടതി നിർദേശപ്രകാരമാണ് മെഡിക്കൽ ബോർഡ് 25കാരിയുടെ ആരോഗ്യനില പരിശോധിച്ച് റിപ്പോർട്ട് നൽകിയത്. 50 ശതമാനം ശാരീരിക, ബുദ്ധി വൈകല്യമുള്ള 25 കാരിക്ക് കുഞ്ഞിനെ പരിപാലിക്കാൻ കഴിയില്ലെന്നും കുഞ്ഞിന് ജന്മം നൽകുന്നത് മാനസിക പ്രത്യാഘാതമുണ്ടാക്കുമെന്നും പ്രസവം 25 കാരിയുടെ ആരോഗ്യത്തെ ബാധിച്ചേക്കുമെന്നുമാണ് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്.
കോലാപൂരിലെ ഛത്രപതി പ്രമീളതായ് രാജെ ആശുപത്രിയിലോ മറ്റേതെങ്കിലും സർക്കാർ ആശുപത്രിയിലോ വെച്ച് ഗർഭം നീക്കണമെന്ന് പറഞ്ഞ കോടതി അഥവാ ജീവനുള്ള കുഞ്ഞ് ജനിച്ചാൽ ആ കുഞ്ഞിന്റെ ഉത്തരവാദിത്തം മഹാരാഷ്ട്ര സർക്കാറിനാണെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.