മുംബൈ: ബി.ജെ.പിക്കുവേണ്ടി ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ്യ (എം.വി.എ) നേതാക്കളുടെ ഫോൺ ചോർത്തിയ വിവാദ ഐ.പി.എസ് ഉദ്യോഗസ്ഥ രശ്മി ശുക്ലയെ തിരികെ കൊണ്ടുവരാൻ മഹാരാഷ്ട്ര സർക്കാർ നീക്കം. 2021ൽ എം.വി.എ ഭരണസമയത്ത് സി.ആർ.പി.എഫ് എ.ഡി.ജി.പിയായി ഹൈദരാബാദിലേക്ക് ഡെപ്യൂട്ടേഷനിൽ പോയ രശ്മിയെ മുംബൈ പൊലീസ് കമീഷണറായി തിരികെ കൊണ്ടുവരാനാണ് ശ്രമം.
പുണെ പൊലീസ് കമീഷണറായിരിക്കെ കോൺഗ്രസ് നേതാവ് നാന പടോലെ, സംസ്ഥാന ഇന്റലിജൻസ് മേധാവിയായിരിക്കെ ശിവസേന നേതാവ് സഞ്ജയ് റാവുത്ത്, എൻ.സി.പി നേതാവ് ഏക്നാഥ് ഖഡ്സെ എന്നിവരുടെ ഫോൺ ചോർത്തിയ കേസിൽ രശ്മി ശുക്ല പ്രതിയായിരുന്നു. എം.വി.എ ഭരണം അട്ടിമറിച്ച് ശിവസേന വിമതൻ ഏക്നാഥ് ഷിൻഡെ-ബി.ജെ.പി സഖ്യ സർക്കാർ അധികാരത്തിൽ വന്നതോടെ പുണെയിലെ കേസ് അവസാനിപ്പിച്ചു. മുംബൈയിലെ കേസിൽ സർക്കാർ അവർക്കെതിരെ പ്രോസിക്യൂഷൻ അനുമതിയും നിഷേധിച്ചു. ഈ നടപടികൾക്ക് കോടതിയുടെ അനുമതികൂടി ലഭിക്കുന്നതോടെ രശ്മി ശുക്ലയെ ഡയറക്ടർ ജനറൽ പദവിയിലേക്ക് ഉയർത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടും. തുടർന്ന്, മുംബൈ പൊലീസ് കമീഷണറായി നിയമിക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.