ജയ്പുർ: വലതുപക്ഷ ഗ്രൂപ്പായ ശ്രീ രാഷ്ട്രീയ രജ്പുത് കർണി സേനയുടെ പ്രസിഡന്റ് സുഖ്ദേവ് സിങ് ഗോഗമേദിയെ അക്രമിസംഘം വെടിവെച്ചുകൊന്നു. ശ്യാംനഗർ മേഖലയിലെ വീട്ടിൽ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. ഗോഗമേദിയുണ്ടായിരുന്ന വീട്ടിലേക്ക് മൂന്നുപേർ അതിക്രമിച്ചുകടന്ന് വെടിവെക്കുകയായിരുന്നു.
വെടിവെപ്പിൽ ഗോഗമേദിയുടെ സുരക്ഷ ഭടനും മറ്റൊരാൾക്കും പരിക്കുണ്ട്. തിരിച്ചുള്ള വെടിവെപ്പിൽ അക്രമികളിൽപെട്ട ഒരാളും മരിച്ചു. ഗോഗമേദിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. രാജസ്ഥാനിലെ രജപുത്ര സമൂഹത്തിനുവേണ്ടി നിലകൊള്ളുന്ന സംഘടനയാണ് കർണിസേന. ലോകേന്ദ്ര സിങ് കൽവിയുടെ ശ്രീ രജ്പുത് കർണി സേനയുടെ ഭാഗമായിരുന്നു ഗോഗമേദി.
എന്നാൽ, 2015ൽ കൽവിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് സംഘടനയിൽനിന്ന് പുറത്താക്കപ്പെട്ടതിനു പിന്നാലെ പുതിയ സംഘടന രൂപവത്കരിച്ചു. സഞ്ജയ് ലീല ഭൻസാലിയുടെ ‘പത്മാവതി’ സിനിമക്കെതിരായ വൻ പ്രതിഷേധങ്ങൾക്ക് ഈ രണ്ടു സംഘടനകളും ഒരുപോലെ രംഗത്തുണ്ടായിരുന്നു.
ആക്രമണത്തിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിനു പിന്നിലുള്ളവരെ പിടികൂടാൻ ഊർജിത ശ്രമം നടക്കുന്നതായി രാജസ്ഥാൻ ഡി.ജി.പി ഉമേഷ് മിശ്ര പറഞ്ഞു. ഗോഗമേദിയെ കാണണമെന്നാവശ്യപ്പെട്ടാണ് മൂന്നംഗ സംഘം എത്തിയത്. സുരക്ഷ ഭടൻ ഇവരെ ഗോഗമേദിയുടെ അടുത്തെത്തിച്ചു. ഇവർ പത്തുമിനിറ്റ് സംസാരിച്ചിരുന്നു. തുടർന്നാണ് വെടിവെച്ചതെന്ന് ജയ്പുർ പൊലീസ് കമീഷണർ ബിജു ജോർജ് ജോസഫ് പറഞ്ഞു. അക്രമികളിൽപെട്ട നവീൻ സിങ് ശെഖാവത് ആണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
മറ്റു രണ്ടുപേർ ഒരു സ്കൂട്ടർ തട്ടിയെടുത്ത് രക്ഷപ്പെട്ടു. ഗോഗമേദിക്ക് ഏറെക്കാലമായി ജീവന് ഭീഷണിയുണ്ട്. കൊലപാതക വിവരം പടർന്നതിനെ തുടർന്ന് മേഖലയിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.