രത്തൻ ടാറ്റ അന്തരിച്ചു

മുംബൈ: പ്രമുഖ വ്യവസായിയയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ (86) അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1991 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയർമാനായിരുന്നു. രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിരുന്നു. 

1937 ഡിസംബർ 28ന് മുംബൈയിലാണ് ജനനം. അമേരിക്കയിലെ കോർണൽ യൂനിവേഴ്സിറ്റിയിൽ നിന്ന് ആർക്കിട്ടെക്ചറിൽ ബി.എസ്.സി ബിരുദം നേടി. 1962ലാണ് ടാറ്റാ ഗ്രൂപ്പിൽ ചേർന്നത്. 1974ൽ ടാറ്റാ സൺസിൽ ഡയരക്ടറായി നിയമിതനായി. 1981ൽ ടാറ്റാ ഇൻഡസ്റ്റ്രീസിന്റെ ചെയർമാനായ രത്തൻ ടാറ്റ 1991ൽ ജെ.ആർ.ഡി ടാറ്റയിൽ നിന്ന് ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു. 2012 ഡിസംബർ വരെ പദവിയിൽ തുടർന്നു. 

2000ൽ പദ്മഭൂഷണും 2008ൽ പദ്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. രത്തൻ ടാറ്റയുടെ കാലത്താണ് പൂർണ്ണമായും ഇന്ത്യയിൽ തന്നെ രൂപകല്പന ചെയ്തു നിർമ്മിച്ച കാറുകൾ ടാറ്റ പുറത്തിറക്കിയത്. വിദേശകമ്പനികൾ ഏറ്റെടുത്തുകൊണ്ട് ടാറ്റയുടെ വ്യവസായസാമ്രാജ്യം ആഗോളവ്യാപകമായി വിപുലീകരിക്കുന്നതിനും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടാറ്റാ ഗ്രൂപ്പിന് കഴിഞ്ഞു.  

2016ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനെത്തുടർന്ന് ഇടക്കാല ചെയർമാനായി വീണ്ടുമെത്തിയിരുന്നു. 2017-ൽ എൻ. ചന്ദ്രശേഖരനെ ചെയർമാനാക്കുന്നതുവരെ ആ സ്ഥാനത്തുതുടർന്നു. കഴിവുറ്റ പൈലറ്റ് കൂടിയായിരുന്നു രത്തൻ ടാറ്റ. അവിവാഹിതനാണ്. 

Tags:    
News Summary - Rathan Tata passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.