ബംഗളൂരു: പണമിടപാടുകൾ നടത്തുന്ന സ്ഥാപനമായ റേസോപേയിൽ നിന്ന് 7.38 കോടി രൂപ ഹാക്കർമാർ തട്ടിയെടുത്തു. സോഫ്റ്റ് വെയറിൽ കൃത്രിമം കാണിച്ച് ഉപഭോക്താക്കളുടെ കൈയ്യിൽനിന്നും പണം തട്ടിയെടുത്തതായി ആരോപിച്ച് റേസോപേ സൈബർ ക്രൈം സെല്ലിന് പരാതി നൽകിയിട്ടുണ്ട്.
831 ഇടപാടുകളിൽ നിന്ന് 7.38 കോടി രൂപ ഇവർ തട്ടിയെടുത്തതായാണ് കമ്പനിയുടെ പരാതി. പരാജയപ്പെട്ട ഇടപാടുകൾക്ക് റേസോപേക്ക് വ്യാജ രസീതികൾ നൽകിയാണ് തട്ടിപ്പ് നടത്തിയതെന്ന് കമ്പനിയുടെ നിയമവിദഗ്ധനായ അഭിഷേക് അഭിനവ് ആനന്ദ് സൂചിപ്പിച്ചിട്ടുണ്ട്.
പേയ്‌മെന്റ് കമ്പനി ഫിസെർവ് ഇതുസംബന്ധിച്ച് വിവരം നൽകിയതിനെ തുടർന്നാണ് ഇക്കാര്യത്തിൽ റേസോപേ ആഭ്യന്തര അന്വേഷണം തുടങ്ങിയത്. തുടർന്ന് മാർച്ച് 6 മുതൽ മെയ് 13 വരെ നടത്തിയ 831 ഇടപാടുകളിൽ ക്രമക്കേട് നടന്നതായി കണ്ടെത്തുകയായിരുന്നു. ഇടപാടിന്‍റെ അംഗീകാരത്തിലും നടപടിക്രമങ്ങളിലും കൃത്രിമം കാണിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് അഭിഷേക് ചുണ്ടിക്കാട്ടി. തട്ടിപ്പ് കണ്ടെത്തിയ ഉടനെ കമ്പനി ഉപഭോക്താക്കളെ വിവരമറിയിക്കുകയും സെറ്റിൽമെന്റുകൾ നൽകുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
തട്ടിപ്പ് നടത്തിയ ഇടപാടുകൾ നടന്ന തീയതി, സമയം, ഐ.പി വിലാസം തുടങ്ങിയ വിശദാംശങ്ങളും മറ്റ് പ്രസക്തമായ വിവരങ്ങളും അന്വേഷണത്തിനായി പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.