ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില പിടിച്ചുനിർത്താൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പരോക്ഷ നികുതി കുറക്കണമെന്ന ആവശ്യവുമായി റിസർവ് ബാങ്ക്. പെട്രോളിന്‍റെയും ഡീസലിന്‍റെയും നികുതി കുറക്കണമെന്നാണ് ആവശ്യം.
കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ നികുതിയടക്കം പെട്രോളിന് 60 ശതമാനവും ഡീസലിന് 54ശതമാനവും വിലവർധനയുണ്ട്. സമ്പദ് വ്യവസ്ഥയിലെ വില സമ്മർദ്ദം കുറക്കുന്നതിന് ഇവയുടെ നികുതി കുറക്കേണ്ടത് അനിവാര്യമാണെന്നും ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഫെബ്രുവരി ആറിന് ചേർന്ന ധനനയ സമിതിയിലാണ് ആർ.ബി.ഐയുടെ പരാമർശം.
പെട്രോൾ, ഡീസൽ വില വർധനവ് സമ്പദ്വ്യവസ്ഥയിൽ വില സമ്മർദ്ദം കൊണ്ടുവരും. ഇത് സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടി.
ഗോൾഡ്മാൻ സാച്ചസിന്‍റെ കണക്കുകൂട്ടൽ പ്രകാരം അസംസ്കൃത എണ്ണവില ഇനിയും ഉയരും. ആഗോള വിപണിയിൽ ഇന്ധനവില ഉയരുന്നതോടെ രാജ്യത്തും അതിന് അനുസൃതമായ വിലവർധനയുണ്ടാകാം. നികുതിനിരക്ക് കുറക്കുക മാത്രമാണ് ഇതിന്‍റെ പരിഹാരം. ഇന്ധനവിലവർധനവ് ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ളവയുടെയും സേവനങ്ങളുടെയും വിലവർധനക്കും കാരണമാകും.
2021 സാമ്പത്തികവർഷത്തിൽ പെട്രോൾ, ഡീസൽ എക്സൈസ് തീരുവയായി 2.67 ലക്ഷം കോടി സമാഹരിക്കാനാണ് ബജറ്റിലെ നിർദേശം. എന്നാൽ ഒമ്പതുമാസത്തിനകം തന്നെ 2.36 ലക്ഷം കോടി സമാഹരിച്ചിരുന്നു. 94,000 കോടിയുടെ അധിക നികുതി വരുമാനം കേന്ദ്രത്തിന് ലഭിക്കുമെന്നാാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.