പിന്‍വലിക്കാവുന്ന തുകയില്‍ സ്ഥാനാര്‍ഥികള്‍ക്ക് ഇളവ്; തെര. കമീഷന്‍ നിര്‍ദേശം ആര്‍.ബി.ഐ തള്ളി

ന്യൂഡല്‍ഹി: എ.ടി.എമ്മില്‍നിന്ന് പിന്‍വലിക്കാവുന്ന തുകയില്‍ സ്ഥാനാര്‍ഥികള്‍ക്ക് ഇളവ് അനുവദിക്കണമെന്ന തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശം റിസര്‍വ് ബാങ്ക് തള്ളി. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച തെരഞ്ഞെടുപ്പ് കമീഷന്‍, തീരുമാനം പുന$പരിശോധിക്കണമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനോട് ആവശ്യപ്പെട്ടു. 

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്ക് ആഴ്ചതോറും പിന്‍വലിക്കാവുന്ന തുക 24,000ത്തില്‍നിന്ന് രണ്ടുലക്ഷമായി ഉയര്‍ത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍ ബുധനാഴ്ച ആവശ്യപ്പെട്ടത്. എന്നാല്‍, നിര്‍ദേശം നടപ്പാക്കാനാവില്ളെന്ന് റിസര്‍വ് ബാങ്ക് കഴിഞ്ഞ ദിവസം മറുപടി നല്‍കുകയായിരുന്നു. 
എന്നാല്‍, നിര്‍ദേശത്തോട് ആര്‍.ബി.ഐ കാണിച്ച ലാഘവത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അതീവ ഉത്കണ്ഠ പ്രകടിപ്പിച്ചു.‘‘വിഷയത്തിന്‍െറ ഗൗരവം ആര്‍.ബി.ഐ മനസ്സിലാക്കിയിട്ടില്ളെന്നാണ് മനസ്സിലാക്കുന്നത്. എല്ലാ സ്ഥാനാര്‍ഥികള്‍ക്കും തെരഞ്ഞെടുപ്പ് പ്രചാരണം ഒരേ രീതിയില്‍ നടത്താനും സ്വതന്ത്രവും സന്തുലിതവുമായ തെരഞ്ഞെടുപ്പിനും അവസരമൊരുക്കണമെന്നത് ഭരണഘടനയുടെ വിധിയാണെന്നത് ഓര്‍മപ്പെടുത്തട്ടെ. തെരഞ്ഞെടുപ്പ് ശരിയായവിധം നടത്തുന്നതിന് കമീഷന്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശം ശരിയായവിധം പാലിക്കപ്പെടേണ്ടത് അനിവാര്യമാണ്’’ -ഉര്‍ജിതിന് അയച്ച കത്തില്‍ കമീഷന്‍ പറയുന്നു.

റിട്ടേണിങ് ഓഫിസര്‍ സാക്ഷ്യപത്രം നല്‍കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പ് ആവശ്യത്തിനായി തുറക്കുന്ന പ്രത്യേക അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തണമെന്നാണ് കമീഷന്‍ നിര്‍ദേശിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് പ്രചാരണാവശ്യങ്ങള്‍ക്ക് പണം കണ്ടത്തെുന്നതില്‍ പ്രയാസം നേരിടുന്നതായി സ്ഥാനാര്‍ഥികളുടെ പരാതികള്‍ ലഭിക്കുന്നുണ്ടെന്നും കമീഷന്‍ റിസര്‍വ് ബാങ്കിനെ അറിയിച്ചിരുന്നു. നിയമപ്രകാരം, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്ക് 28 ലക്ഷം വരെ പിന്‍വലിക്കാന്‍ അര്‍ഹതയുണ്ട്. എന്നാല്‍, നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ നിബന്ധനകള്‍ പ്രകാരം സ്ഥാനാര്‍ഥികള്‍ക്ക് 96,000 രൂപ മാത്രമേ പിന്‍വലിക്കാനാവൂവെന്നും കമീഷന്‍ ചൂണ്ടിക്കാട്ടി.

Tags:    
News Summary - RBI, EC at loggerheads over cash withdrawal limit for poll candidates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.