ബംഗളൂരു: സഖ്യസർക്കാറിനെ വിമർശിച്ച് കോൺഗ്രസ് എം.എൽ.എമാർ നടത്തിയ പ്രസ്താവനക്കുപിന്നാലെ കർണാടകയിൽ വീണ്ടും ര ാഷ്ട്രീയ വിവാദം. കോൺഗ്രസ് എം.എൽ.എമാർ അതിരുവിടുകയാണെന്നും ഇൗ നിലപാട് തുടർന്നാൽ താൻ രാജിവെക്കുമെന്നും മുഖ് യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഭീഷണി മുഴക്കി. എന്നാൽ, കുമാരസ്വാമി മുഖ്യമന്ത്രിയായിരിക്കുന്നതിൽ സന്തോഷമേ ഉള്ള ൂവെന്നായിരുന്നു കോൺഗ്രസിെൻറ പ്രതികരണം.
സഖ്യസർക്കാറിനെ ഏറ്റവുമൊടുവിൽ വിമർശിച്ച എം.എൽ.എ എസ്.ടി. സോമശേഖർ കെ.പി.സി.സി ആസ്ഥാനത്തെത്തി വിശദീകരണം നൽകിയെന്നും ക്ഷമാപണം നടത്തിയെന്നും കെ.പി.സി.സി പ്രസിഡൻറ് ഗുണ്ടുറാവു പറഞ്ഞ ു. എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിൽ സഖ്യസർക്കാർ അധികാരത്തിലേറി ഏഴുമാസം കഴിഞ്ഞിട്ടും വികസന പ്രവർത്തനങ്ങ ൾ ആരംഭിച്ചിട്ടില്ലെന്നും ബംഗളൂരുവിലെ റോഡ് വികസനം എങ്ങുമെത്തിയിട്ടില്ലെന്നുമായിരുന്നു കോൺഗ്രസിെൻറ യശ്വന്ത്പുര എം.എൽ.എ എസ്.ടി. സോമശേഖറിെൻറ വിവാദ പ്രസ്താവന. കുമാരസ്വാമിയുടെ പ്രതികരണത്തെ തുടർന്ന് സോമശേഖറിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പൊരുക്കത്തിലേക്ക് ഇരുപാർട്ടികളും കടക്കുമ്പോഴാണ് എം.എൽ.എമാരുടെ പ്രതികരണത്തോടെ കുമാരസ്വാമി- സിദ്ധരാമയ്യ പോര് രൂക്ഷമാകുന്നത്. മുഖ്യമന്ത്രിമോഹം ഇടക്കിടെ തുറന്നുപ്രകടിപ്പിക്കുന്ന സിദ്ധരാമയ്യയെ പിന്തുണച്ച് അദ്ദേഹത്തിെൻറ അടുപ്പക്കാരായ എം.എൽ.എമാർ നേരേത്ത രംഗത്തെത്തിയിരുന്നു. മന്ത്രിമാരായ സി. പുട്ടരംഗ ഷെട്ടി, എം.ടി.ബി നാഗരാജു എന്നിവരാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ചത്. സിദ്ധരാമയ്യയാണ് ഇപ്പോഴും തെൻറ മുഖ്യമന്ത്രിയെന്നായിരുന്നു സി. പുട്ടരംഗ ഷെട്ടിയുടെ പ്രസ്താവന. മുഖ്യമന്ത്രിയായി ഒരു തവണകൂടി അവസരം ലഭിച്ചിരുന്നെങ്കിൽ മുൻ സർക്കാർ പ്രഖ്യാപിച്ച എല്ലാ വികസനപ്രവർത്തനങ്ങളും പൂർത്തിയാക്കുമെന്നും എന്നാൽ, രാഷ്ട്രീയശത്രുക്കൾ തന്നോട് അസൂയ മൂത്ത് പരാജയപ്പെടുത്തിയെന്നും സിദ്ധരാമയ്യയും അടുത്തിടെ പറഞ്ഞിരുന്നു.
ഗൗഡ കുടുംബവുമായി നല്ല ബന്ധത്തിലല്ലാത്ത സിദ്ധരാമയ്യക്ക് കുമാരസ്വാമിയെ താഴെയിറക്കാൻ ആഗ്രഹമുണ്ടെന്ന അണിയറ സംസാരം സജീവമാണ്. ഇതിനിടയിലാണ് പുതിയ വിവാദം. താനും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും ഒത്തൊരുമയോടെയാണ് പ്രവർത്തിക്കുന്നതെന്നും തെൻറ പ്രവർത്തനരീതി എം.എൽ.എമാർക്ക് ഇഷ്ടപ്പെടുന്നില്ലെങ്കിൽ രാജിവെക്കാൻ തയാറാണെന്നും കുമാരസ്വാമി പറഞ്ഞു. അതേസമയം, സഖ്യസർക്കാറിൽ പ്രശ്നങ്ങളില്ലെന്നും മാധ്യമങ്ങളാണ് കുഴപ്പമുണ്ടാക്കുന്നതെന്നും ഏകോപനസമിതി അധ്യക്ഷൻ സിദ്ധരാമയ്യ പ്രതികരിച്ചു.
ഈമാസം ആദ്യമാണ് എസ്.ടി. സോമശേഖർ ബംഗളൂരു നഗര വികസന അതോറിറ്റി ചെയർമാനായി ചുമതലയേൽക്കുന്നത്. മറ്റു കോൺഗ്രസ് എം.എൽ.എമാരുടെ ചെയർമാൻസ്ഥാനങ്ങൾക്ക് അംഗീകാരം നൽകിയപ്പോൾ സോമശേഖറിെൻറ പേര് പിടിച്ചുവെച്ചിരുന്നു. ഒടുവിലാണ് സോമശേഖറിെൻറ പദവിക്ക് അംഗീകാരം നൽകുന്നത്. ഇതാണ് പ്രകോപനമായത്.
മുഖ്യമന്ത്രിയായശേഷം ഇതാദ്യമായല്ല കുമാരസ്വാമി വൈകാരികമായി പ്രതികരിക്കുന്നത്. കാളകൂട വിഷം കഴിച്ച പരമശിവെൻറ അവസ്ഥയിലാണ് താനെന്ന് കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ച് നേരേത്ത അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ, ലോക്സഭ സീറ്റ് വിഭജനത്തിലും കോൺഗ്രസും ജെ.ഡി.എസും തമ്മിൽ തർക്കമുണ്ടാകുമെന്നും ലോക്സഭ തെരഞ്ഞെടുപ്പിനുമുേമ്പ സഖ്യം തകരുമെന്നും ബി.ജെ.പി എം.എൽ.എ ബി. ശ്രീരാമുലു പറഞ്ഞു. കോൺഗ്രസ് നിർബന്ധിച്ചാലും കുമാരസ്വാമി രാജിവെക്കില്ലെന്നും ഇത് വെറും ഭീഷണി മാത്രമാണെന്നുമായിരുന്നു ബി.ജെ.പി നേതാവ് ഈശ്വരപ്പയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.