ന്യൂഡല്‍ഹി: കേരളത്തിൽനിന്ന് ഹൈകോടതി രജിസ്ട്രാർ ജനറൽ, രജിസ്ട്രാർ, ജില്ല ജഡ്ജിമാർ, അഭിഭാഷകർ എന്നിവരടക്കം എട്ടുപേരെ ഹൈകോടതി ജഡ്ജിമാരാക്കാൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തു. അതേസമയം, കേരള ഹൈകോടതി ജഡ്ജി നിയമനത്തില്‍ പരിഗണിക്കാത്തതിനെതിരെ ജില്ല ജഡ്ജി മുഹമ്മദ് വസീം നല്കിയ ഹരജി സുപ്രീംകോടതി തള്ളി. ഹൈകോടതി രജിസ്ട്രാര്‍ ജനറല്‍ സോഫി തോമസ്, ഹൈേകാടതി രജിസ്ട്രാർ (ജില്ല ജുഡീഷ്യറി) പി.ജി. അജിത് കുമാര്‍, കോട്ടയം ജില്ല ജഡ്ജി സി. ജയചന്ദ്രന്, എറണാകുളം ജില്ല ജഡ്ജി സി.എസ്. സുധ എന്നിവരാണ് ജുഡീഷ്യൽ ഒാഫിസർമാരുടെ വിഭാഗത്തിൽ നിന്ന് തിരഞ്ഞെടുക്കെപ്പട്ടത്.
ജസ്റ്റിസ് ഡി. ശ്രീദേവിയുടെ മകൻ ബസന്ത് ബാലാജി, ശോഭ അന്നമ്മ ഈപ്പന്, സഞ്ജീത കെ. അറക്കല്‍, ടി.കെ. അരവിന്ദ കുമാര്‍ ബാബു എന്നീ അഭിഭാഷകരെയും ജഡ്ജിമാരാക്കാൻ കൊളീജിയം നിർദേശിച്ചു. ഇതിൽ ബസന്ത് ബാലാജിയും ടി.കെ. അരവിന്ദ കുമാര്‍ ബാബുവും എൽ.ഡി.എഫ് സർക്കാറിെൻറ കാലത്തും ശോഭ അന്നമ്മ ഈപ്പനും സഞ്ജീത കെ. അറക്കലും. യു.ഡി.എഫ് സർക്കാറിെൻറ കാലത്തും സർക്കാർ അഭിഭാഷകരായിരുന്നു. കേരള ഹൈകോടതിയില്‍ നിന്ന് ജസ്റ്റിസ് ആനി ജോണ്‍ വിരമിച്ചപ്പോള്‍ ജഡ്ജിയായി പരിഗണിക്കേണ്ടത് ജുഡീഷ്യൽ സർവിസിൽ സീനിയോറിറ്റിയില്‍ ഏറ്റവും മുന്നിലുള്ള തന്നെയായിരുന്നുവെന്ന് മുഹമ്മദ് വസീം സുപ്രീംകോടതിയിൽ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ബോംബെ ഹൈകോടതിയില്‍ നിന്ന് സ്ഥലം മാറി വന്ന ജസ്റ്റിസ് എ.എം. ബദര്‍ ജുഡീഷ്യല്‍ സര്‍വിസില്‍ നിന്ന് ഹൈകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ച ന്യായാധിപനാണെന്ന ന്യായം ചൂണ്ടിക്കാട്ടി വസീമിന് നിയമനം നല്‍കേണ്ടതില്ലെന്ന് കേരള ഹൈകോടതി തീരുമാനിക്കുകയായിരുന്നു.
സ്ഥലംമാറി വരുന്ന ജഡ്ജിമാരുടെ സര്‍വിസ് േക്വാട്ട പരിഗണിക്കേണ്ടത് അവര്‍ക്ക് നിയമനം ലഭിച്ച കോടതിയിലാണെന്ന് കേന്ദ്ര നിയമ മന്ത്രാലയം വ്യക്തമാക്കിയത് വസീമിെൻറ അഭിഭാഷകർ ചൂണ്ടിക്കാട്ടിയെങ്കിലും ജഡ്ജിയായി നിയമനം ലഭിക്കുകയെന്നത് ഒരാളുടെ മൗലികാവകാശമല്ലെന്ന് വ്യക്തമാക്കി ജസ്റ്റിസുമാരായ എല്‍. നാഗേശ്വര്‍ റാവുവും ബി.ആര്. ഗവായിയും അടങ്ങിയ ബെഞ്ച് ഹരജി തള്ളുകയായിരുന്നു. പരാതികളുണ്ടെങ്കിൽ അത് ഹൈകോടതി ചീഫ് ജസ്റ്റിസിനെ അറിയിക്കാമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
68 പേർ റെക്കോഡ്
ന്യൂഡൽഹി: 68 പേരെ ഹൈകോടതി ജഡ്ജി നിയമനത്തിനായി സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്യുന്നത് ചരിത്രത്തിലാദ്യം. 44 അഭിഭാഷകരെയും 24 കോടതി ഉദ്യോഗസ്ഥരെയും 12 ഹൈകോടതികളിൽ ജഡ്ജിമാരാക്കാൻ ശിപാർശ നൽകിയതിൽ 12 പേരുകൾ കേന്ദ്ര സർക്കാർ നേരത്തെ തിരിച്ചയച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.