ബൈക്കിൽ രക്ഷപ്പെടുന്ന ദീപ്​ സിദ്ദുവിനെ വളഞ്ഞ്​ കർഷകർ; വീഡിയോ വൈറൽ

ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കിസാൻ ട്രാക്ടർ റാലിക്കിടെ പ്രകോപിതരായ കർഷകരിൽ നിന്ന് ഓടി രക്ഷപ്പെടുന്ന പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദുവിന്‍റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി. കർഷക പ്രക്ഷോഭകരെ ചെങ്കോട്ടയിലേക്ക് നയിക്കുകയും അവിടെ പതാക ഉയർത്തുകയും ചെയ്​തയാളാണ്​ ദീപ്​ സിദ്ദു. കാർഷിക നിയമങ്ങൾക്കെതിരായ സമരത്തിന് സാമുദായിക നിറം നൽകിയത്​ സിദ്ദുവാണെന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ്​ കർഷകർ ഇയാളെ വളഞ്ഞത്​.

റെഡ് ഫോർട്ടിൽ നിന്ന്​ പതാക അഴിച്ചതിന് ശേഷം ട്രാക്ടറിൽ നിന്ന് ഫേസ്ബുക്ക് ലൈവ് ചെയ്യുന്നതിനിടെ കോപാകുലരായ കർഷകർ സിദ്ദുവിനെ അഭിമുഖീകരിക്കുന്നതായും വീഡിയോകളിലുണ്ട്​. ഒരു കൂട്ടം കർഷകർ സിദ്ദുവിന്​ അടുത്തെത്തുകയും പ്രക്ഷോഭത്തെ തകർത്തതായി അദ്ദേഹത്തോട് പറയുന്നതും വീഡിയോകളിൽ കാണാം. ഇതോടെ സിദ്ദു ട്രാക്ടറിൽ നിന്ന് ഇറങ്ങി ബൈക്കിൽ കയറി ഓടിച്ചുപോവുകയായിരുന്നു. 'ജനാധിപത്യപരമായ പ്രതിഷേധത്തിനുള്ള അവകാശം വിനിയോഗിക്കുന്നതിനിടയിൽ ഞങ്ങൾ നിഷാൻ സാഹിബ് പതാക ചെങ്കോട്ടയിൽ ഉയർത്തിയിട്ടുണ്ട്.

പുതിയ കാർഷിക നിയമത്തിനെതിരെ ഞങ്ങളുടെ പ്രതിഷേധം പ്രതീകാത്മകമായി കാണിക്കുന്നതിനാണ്​ ഇങ്ങിനെ ചെയ്​തത്​'-സിദ്ദു ഫേസ്​ബുക്ക്​ ലൈവിൽ പറഞ്ഞു. തന്നെപ്പോലുള്ള ഒരു വ്യക്തിക്ക് പ്രതിഷേധക്കാരെ അക്രമത്തിന്​ പ്രേരിപ്പിക്കാമെന്ന വാദത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. 'ഒന്നും നശിപ്പിക്കാതെ പൊതു സ്വത്തിന് കേടുപാടുകൾ വരുത്താതെ ഞങ്ങൾ സമാധാനപരമായ പ്രതിഷേധിച്ചു. ഞങ്ങൾ ഞങ്ങളുടെ ജനാധിപത്യ അവകാശം സമാധാനപരമായി വിനിയോഗിച്ചു. ഒരു വ്യക്തിക്ക്​ ഇത്രയുമധികം ആളുകളെ അണിനിരത്താൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ അത് തെറ്റാണ്​'-സിദ്ദു പറഞ്ഞു. 



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.