പുണെ: മഹാരാഷ്ട്ര പുണെയിൽ കെട്ടിടത്തിൽ തൂങ്ങി കിടന്ന് അപകടകരമാംവിധം റീൽ ചിത്രീകരിച്ച പെൺകുട്ടിക്കും സുഹൃത്തുക്കൾക്കും എതിരെ കേസ്. ജീവന് ഭീഷണിയായി അപകടരമായ പ്രവൃത്തി ചെയ്തെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. പെൺകുട്ടിയെയും സുഹൃത്തുകളെയും വിളിച്ചു വരുത്തി പൊലീസ് ചോദ്യം ചെയ്യും.
സമ്മർദത്തിന് വഴങ്ങിയാണോ ഇത്തരം പ്രവൃത്തി ചെയ്തതെന്ന് സ്ഥിരീകരിക്കാണിത്. വിശദ ചോദ്യം ചെയ്യലിന് ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുന്ന കാര്യം തീരുമാനിക്കുമെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിക്ക് പ്രായപൂർത്തിയായതിനാൽ കൂടുതൽ വകുപ്പുകൾ ചുമത്താൻ പൊലീസ് തയാറായില്ല.
പുണെ സ്വദേശികളായ പെൺകുട്ടിയും സുഹൃത്തുകളുമാണ് അപകടത്തിന് വഴിവെക്കുന്ന തരത്തിൽ ഇൻസ്റ്റാഗ്രാം റീൽ ചിത്രീകരിച്ചത്. കോട്ട പോലെയുള്ള ഒരു കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് താഴേക്ക് ഒരു പെൺകുട്ടി തൂങ്ങിക്കിടക്കുന്നതാണ് റീൽ ചിത്രീകരിച്ചത്.
കെട്ടിടത്തിന്‍റെ അരികിൽ നിന്ന് ആൺകുട്ടിയുടെ കൈയിൽ പിടിച്ച് പെൺകുട്ടി ആടുന്നതും സുഹൃത്തായ മറ്റൊരാൾ ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ ചിത്രീകരിക്കുന്നതും കാണാം. വലിയ കല്ലുകൾ നിറഞ്ഞ സ്ഥലത്തെ ബഹുനില കെട്ടിടത്തിലാണ് കൗമാരാക്കാരായ നാലംഗ സംഘം റീൽ ചിത്രീകരണത്തിൽ ഏർപ്പെട്ടത്.
സുരക്ഷാ മുൻകരുതലില്ലാതെ അപകടകരമായ നിലയിൽ റീൽ ചിത്രീകരിച്ചതിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. പൊലീസ് ഉദ്യോഗസ്ഥരെ ടാഗ് ചെയ്ത് സമൂഹമാധ്യമങ്ങളിലെ ഉപയോക്താക്കൾ കൗമാരക്കാർക്കെതിരെ അറസ്റ്റ് അടക്കമുള്ള ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
'ദയവായി ഇത് പരിശോധിക്കുക, ഇത് അപകടകരവും സംഭവിക്കാൻ കാത്തിരിക്കുന്ന ഒരു ദുരന്തവുമാണ്'. 'മറ്റുള്ളവർക്കുള്ള മുന്നറിയിപ്പായി ഇവരെ ജയിലിലടക്കണം. സമൂഹ മാധ്യമങ്ങളിലെ വ്യാജ ലൈക്കുകൾക്കും ജനപ്രീതിക്കും വേണ്ടി എന്തിനാണ് ഈ അഭിനിവേശം'.
'ഇത്തരം രംഗങ്ങൾ കാണിക്കുന്ന സിനിമകളിൽ പോലും അവർ വി.എഫ്.എക്സ് ഉപയോഗിക്കുന്നു. പ്രമുഖ സിനിമ താരങ്ങൾ ഹാർനെസ് ഉപയോഗിക്കുന്നു. ആരാണ് ഈ മിണ്ടാപ്രാണികൾ, എന്തുകൊണ്ടാണ് ഇവരെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത്' -എന്നിങ്ങനെയാണ് കമന്‍റുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.