സുഹൃത്തുക്കളുടെ ​കോർപറേറ്റ് വായ്പ എഴുതിത്തള്ളുമ്പോഴാണ് നികുതിദായകർ വഞ്ചിക്കപ്പെടുന്നത്; മോദിക്ക് മറുപടിയുമായി കെജ്രിവാൾ

സർക്കാരുകളുടെ സൗജന്യ പ്രഖ്യാപനങ്ങൾക്കെതിരെ വിമര്‍ശനവുമായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സൗജന്യ പെട്രോളും ഡീസലും വാഗ്ദാനം നൽകുന്നവർ സ്വാർഥ രാഷ്ട്രീയക്കാരാണെന്നായിരുന്നു മോദിയുടെ വിമർശനം. ഇത്തരം പ്രഖ്യാപനങ്ങൾ രാജ്യത്തിൻറെ സ്വയംപര്യാപ്തതയെ തടയുമെന്നും രാജ്യത്തെ കുട്ടികളുടെ അവകാശങ്ങൾ കവർന്നെടുക്കുമെന്നും നികുതിദായകരുടെ ഭാരം വർധിപ്പിക്കുമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.

പാനിപ്പത്തിലെ എഥനോൾ പ്ലാന്റ് ഉദ്ഘാടന വേളയിലായിരുന്നു മോദിയുടെ വിമർശനം. ഇതിനെതിരേയാണ് കെജ്രിവാൾ രംഗത്ത് എത്തിയത്. കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും സൗജന്യ ചികിത്സയും നൽകുന്നതിലൂടെ നികുതിദായകർ വഞ്ചിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ സുഹൃത്തുക്കളുടെ ​കോർപ്പറേറ്റ് വായ്പ എഴുതിത്തള്ളാൻ നികുതി തുക ഉപയോഗിക്കുമ്പോഴാണ് നികുതിദായകർ വഞ്ചിക്കപ്പെടുന്നതെന്നും കെജ്രിവാൾ പറഞ്ഞു.

സർക്കാർ ഞങ്ങളിൽ നിന്ന് പണം വാങ്ങുകയും പാലും തൈരും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾക്ക് ജി.എസ്.ടി ചുമത്തുകയും അവരുടെ സമ്പന്നരായ സുഹൃത്തുക്കളുടെ വായ്പകൾ എഴുതിത്തള്ളുകയും അവർക്ക് നികുതിയിളവ് നൽകുകയും ചെയ്യുന്നത് അനീതിയെന്നാണ് നികുതിദായകർ കരുതുന്നത്.

തങ്ങളുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുകയും അവർക്ക് സൗജന്യ ചികിത്സ നൽകുകയും ചെയ്യുന്നതിലൂടെ വഞ്ചിക്കപ്പെടുമെന്ന് അവർ കരുതുന്നില്ല. ബി.ജെ.പി സർക്കാർ 10 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയില്ലെങ്കിൽ രാജ്യം ഇന്ന് നഷ്ടം നേരിടുമായിരുന്നില്ല.

സർക്കാർ ഫണ്ട് നല്ല വിദ്യാഭ്യാസം, സ്‌കൂളുകൾ, ആശുപത്രികൾ, സാധാരണക്കാർക്ക് റോഡുകൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുന്നതിന് വേണ്ടിയാണോ അതല്ല ചില പ്രത്യേക സുഹൃത്തുക്കൾക്ക് നൽകുന്നതാണോ നല്ലതെന്ന് അറിയാൻ ഒരു റഫറണ്ടം ആരംഭിക്കണമെന്നും എ.എ.പി മേധാവി നിർദ്ദേശിച്ചു.

Tags:    
News Summary - Referendum should be started to decide if public money be used for 'rich friends or common man': Arvind Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.