വേദശാസ്ത്രങ്ങള്‍ നോക്കി തെളിവുനിയമം പൊളിച്ചെഴുതണമെന്ന് നിയമകമീഷൻ അംഗം

ന്യൂഡല്‍ഹി: ഉപനിഷത്തും വേദശാസ്ത്രങ്ങളും അടിസ്ഥാനപ്പെടുത്തി തെളിവുനിയമം പരിഷ്കരിക്കണമെന്ന് അടുത്തിടെ നിയമ കമീഷന്‍ അംഗമായ അഭയ് ഭരദ്വാജ്. ക്രിമിനല്‍ നീതിന്യായ സംവിധാനത്തിന്‍െറ മൂലക്കല്ലാണ് ഇന്ത്യന്‍ തെളിവുനിയമം. പൗരാണിക മതഗ്രന്ഥങ്ങള്‍ക്ക് അനുസൃതമായി അത് പരിഷ്കരിക്കുന്നത് നീതിന്യായ സംവിധാനത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് കലാപത്തിനിടയില്‍ നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല കേസിലെ സംഘ്പരിവാര്‍ പ്രതിക്കുവേണ്ടി വാദിച്ച അഭിഭാഷകനാണ് അഭയ് ഭരദ്വാജ്. രാജ്യത്തെ നിയമ പരിഷ്കാരങ്ങള്‍ സംബന്ധിച്ച് പഠിച്ച് നിര്‍ദേശങ്ങള്‍ സര്‍ക്കാറിലേക്ക് സമര്‍പ്പിക്കാന്‍ ചുമതലപ്പെട്ട സ്ഥാപനമാണ് നിയമ കമീഷന്‍. അതില്‍ അംഗമായ താന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്ന കാര്യം അഭയ് ഭരദ്വാജ് മറച്ചുവെക്കുന്നില്ല. സര്‍ക്കാറിന്‍െറ താല്‍പര്യപ്രകാരം ഏകസിവില്‍കോഡ് കൊണ്ടുവരുന്നതിനെക്കുറിച്ച് പൊതുജനാഭിപ്രായം തേടിയതിനു പിന്നാലെയാണ് നിയമ കമീഷന്‍ അംഗം തന്‍െറ ഹിന്ദുത്വ നിലപാട് പുറത്തെടുത്തത്.

144 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ തെളിവുനിയമം കാലഹരണപ്പെട്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാരതത്തിന്‍െറ വേദങ്ങള്‍ക്കും ഉപനിഷത്തുക്കള്‍ക്കും ശാസ്ത്രങ്ങള്‍ക്കും അനുസൃതമായി അവ പരിഷ്കരിക്കേണ്ടതുണ്ട്. തെളിവ് രൂപപ്പെടുത്തുന്നതിന് വിവിധ മാര്‍ഗങ്ങള്‍ ഹിന്ദു മതഗ്രന്ഥങ്ങള്‍ മുന്നോട്ടു വെക്കുന്നുണ്ട്. ജൈനശാസ്ത്രത്തില്‍ തെളിവുകളെക്കുറിച്ച് ഏഴു ശ്ളോകങ്ങള്‍തന്നെയുണ്ട്. ജഡ്ജിമാര്‍ ഈ ശ്ളോകങ്ങളുടെ ഉള്ളടക്കം പ്രയോഗത്തില്‍ വരുത്തിയാല്‍ വിചാരണ കോടതിയുടെയും സുപ്രീംകോടതിയുടെയും വിധിന്യായങ്ങള്‍ തമ്മില്‍ ഒരു മാറ്റവും ഉണ്ടാവില്ല.

ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല കേസില്‍ പ്രതികള്‍ക്കുവേണ്ടി വാദിച്ച തന്നെ നിയമ കമീഷന്‍ അംഗമാക്കിയതിനെ വിമര്‍ശിക്കുന്നവരെക്കുറിച്ചും രാജ്കോട്ടുകാരനായ അഭയ് ഭരദ്വാജ് പ്രതികരിച്ചു. ഒരു ഹിന്ദുവിനു വേണ്ടി ആരെങ്കിലും വാദിച്ചാല്‍ നെറ്റി ചുളിക്കുന്ന രീതിയില്‍ മാറ്റം വരണം. യാക്കൂബ് മേമനു വേണ്ടി ശാന്തി ഭൂഷണ്‍ ഹാജരായപ്പോള്‍ ആരും ചോദ്യംചെയ്തില്ല. ഇന്ദിര ജയ്സിങ്ങിനെയും ആരും ചോദ്യംചെയ്തില്ല. യാക്കൂബ് മേമന്‍െറ കേസില്‍ വിധി പറയാന്‍ പുലര്‍ച്ചെ മൂന്നിന് സുപ്രീംകോടതി ജഡ്ജിമാര്‍ ഉറക്കമുണര്‍ന്നപ്പോഴും ആരും ചോദ്യംചെയ്തില്ല. ഒരു ഹിന്ദുവിനു വേണ്ടി വാദിക്കുമ്പോള്‍ മാത്രം ചോദ്യങ്ങള്‍ ഉയരുന്നത് എന്തുകൊണ്ടാണ്? അദ്ദേഹം ചോദിച്ചു.

ഏകസിവില്‍കോഡ് നടപ്പാക്കുന്നതിനെ ന്യായീകരിച്ച് മുമ്പ് അഭയ് ഭരദ്വാജ് സംസാരിച്ചിട്ടുണ്ട്. അമേരിക്ക ഒരു മതേതര രാജ്യമെന്നാണ് സങ്കല്‍പം. ഭരണഘടനക്കു പകരം ബൈബിളില്‍ തൊട്ട് ഒബാമ സത്യപ്രതിജ്ഞ നടത്തുന്നതിനെ ആരും ചോദ്യം ചെയ്യുന്നില്ല. അങ്ങനെയെങ്കില്‍ ഭഗവദ്ഗീതയില്‍ തൊട്ട് ഇന്ത്യയില്‍ സത്യപ്രതിജ്ഞ നടത്തുന്നതില്‍ എന്താണ് പ്രശ്നം? മുസ്ലിം അവകാശങ്ങള്‍ അനുസരിച്ച് അവിടെ വിവാഹം കഴിക്കാനാവില്ല; അമേരിക്കന്‍ വിവാഹ രജിസ്ട്രേഷന്‍ നിയമം അനുസരിക്കണം. പക്ഷേ, എന്തുകൊണ്ട് ഇന്ത്യയില്‍ പറ്റില്ല? ഭൂരിപക്ഷ സമുദായത്തിന്‍െറ നാടാണ് ഇന്ത്യ. സ്വന്തം വിശ്വാസങ്ങള്‍ മുറുകെ പിടിക്കുന്ന രീതി ന്യൂനപക്ഷങ്ങള്‍ മാറ്റേണ്ട സമയമായി. മറ്റ് ആശയധാരകളും ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് കഴിയണമെന്ന് അഭയ് ഭരദ്വാജ് പറഞ്ഞു.

Tags:    
News Summary - Reform Evidence Act as Per Vedas: New Law Commission Member

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.