‘പ്രാദേശിക കക്ഷികളെ കൂട്ടാതെ കോൺഗ്രസ് തോൽവി ഏറ്റുവാങ്ങി’; സംസ്ഥാന നേതാക്കളെ വിമർശിച്ച് രാഹുൽ

ന്യൂഡൽഹി: പ്രാദേശിക പാർട്ടികളെ ചേർത്തുനിർത്താതെ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഢിലും നിയമസഭ തെരഞ്ഞെടുപ്പിനെ ഒറ്റക്കു നേരിട്ട് തോൽവിയേറ്റുവാങ്ങിയതിന് കമൽനാഥ്, അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ബാഘേൽ തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കളെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു. പ്രാദേശിക പാർട്ടികളെ കൂടെ നിർത്താതെ ബി.ജെ.പിക്കെതിരായ പോരാട്ടം സാധ്യമല്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയിൽ നേതാക്കളെ രാഹുൽ ഓർമിപ്പിച്ചു.

കോൺഗ്രസിനെപോലെ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ശ്രമിക്കുന്ന സമാന പാർട്ടികളുമായി എന്തുകൊണ്ട് ധാരണയുണ്ടാക്കിയില്ല എന്ന് രാഹുൽ ചോദിച്ചു. അതിരു കടന്ന ആത്മവിശ്വാസത്തിൽ മുന്നോട്ടുപോയി മധ്യപ്രദേശിൽ കോൺഗ്രസിനെ ദയനീയ പരാജയത്തിലേക്ക് നയിച്ച കമൽനാഥിന്റെ നടപടിയെ രാഹുൽ വിമർശിച്ചു. തോൽവിയുടെ പാഠമുൾക്കൊണ്ട് ചെറുപാർട്ടികളുമായി സീറ്റ് ധാരണക്ക് കോൺഗ്രസ് ശ്രമിക്കണം. ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ ഓരോ വോട്ടും നിർണായകമാണെന്നും അതുൾക്കൊണ്ട് വേണം മറ്റുള്ളവരുമായി സീറ്റുധാരണയിലെത്താനെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് ഹിന്ദി സംസ്ഥാനങ്ങളിൽ കോൺഗ്രസ് പ്രചാരണരംഗത്ത് പരാജയമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ തെലങ്കാനയിൽ ശക്തമായ പ്രചാരണം നടത്തിയപ്പോൾ ഒരു വർഷം കൊണ്ട് കോൺഗ്രസ് മൂന്നാംസ്ഥാനത്തുനിന്ന് ഭരണത്തിലെത്തി. ബി.ജെ.പിയുടെ സംഘടനാ ശക്തിയാണ് മൂന്നിടങ്ങളിലും അവർക്ക് വിജയം സമ്മാനിച്ചതെന്ന ചില കോൺഗ്രസ് നേതാക്കളുടെ വാദത്തെ രാഹുൽ ഖണ്ഡിച്ചു. ബി.ജെ.പിയെ തോൽപിക്കാൻ കഴിയില്ലെന്ന് തോന്നിയ ഘട്ടത്തിലാണ് 2018ൽ മൂന്ന് സംസ്ഥാനങ്ങളും കോൺഗ്രസ് പിടിച്ചതെന്ന് അദ്ദേഹം ഓർമപ്പെടുത്തി.

2024ലെ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും നേരിടാൻ പ്രതിപക്ഷ ഐക്യംകൊണ്ടേ സാധ്യമാകൂ എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രവർത്തക സമിതിയിൽ പറഞ്ഞു. കോൺഗ്രസിന്റെ വിശാല താൽപര്യത്തിനുവേണ്ടി മൂന്നോ നാലോ സീറ്റുകൾ വിട്ടുകൊടുക്കുകയെന്നത് വലിയ വിഷയമായി കാണരുതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്കേറ്റ അപ്രതീക്ഷിത പരാജയമായിരുന്നു വ്യാഴാഴ്ച രാത്രിവരെ നീണ്ട കോൺഗ്രസ് പ്രവർത്തക സമിതിയിലെ മുഖ്യ ചർച്ച. താഴേത്തട്ടിൽ പ്രവർത്തിക്കുന്ന പ്രവർത്തകരുടെയും നേതാക്കളുടെയും അഭിപ്രായം അവഗണിച്ച് ഏകാധിപത്യ സ്വഭാവത്തിൽ മുന്നോട്ടുപോകുകയാണ് കമൽനാഥ് ചെയ്തതെന്ന് പല അംഗങ്ങളും കുറ്റപ്പെടുത്തി. മധ്യപ്രദേശിൽ സമാജ് വാദി പാർട്ടിക്ക് നേരത്തേ വാഗ്ദാനംചെയ്ത ആറ് സീറ്റുകൾ നൽകാതിരുന്ന കോൺഗ്രസിനെതിരെ അഖിലേഷ് യാദവ് രംഗത്തുവന്നിരുന്നു. ഇതിനു പുറമെയാണ് അഖിലേഷിനെ അവഹേളിച്ച് കമൽനാഥ് ‘അഖിലേഷ്- വഖിലേഷ്’ പരാമർശം നടത്തിയത്.

Tags:    
News Summary - refusal to ally with minor parties led to recent electoral defeats -Rahul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.