ഉത്തരാഖണ്ഡിൽ ലിവ് ഇൻ റിലേഷൻ ബന്ധങ്ങൾക്ക് തടവു ശിക്ഷ; ഒന്നിച്ചു ജീവിക്കണമെങ്കിൽ വിവാഹം രജിസ്റ്റർ ചെയ്യണം

ഡെറാഡ്യൂൺ: ഉത്തരാഖണ്ഡിൽ ഒന്നിച്ചു ജീവിക്കണമെങ്കിൽ രക്ഷിതാക്കളുടെ സമ്മതത്തോടെയുള്ള വിവാഹ ബന്ധത്തിലൂടെ മാത്രമേ കഴിയുകയുള്ളൂ. രജിസ്റ്റർ ചെയ്യാതെ ഒന്നിച്ചു ജീവിക്കുന്നവർക്ക് ആറുവർഷം തടവുശിക്ഷയും പിഴയും ലഭിക്കും. ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിച്ച ഏക സിവിൽ കോഡ് കരട്ബില്ലിലെ നിർദേശമാണിത്.

ഉത്തരാഖണ്ഡ് സ്വദേശികൾ മറ്റ് സംസ്ഥാനങ്ങളിൽ ലിവ് ഇൻ റിലേഷൻ ബന്ധം നയിച്ചാലും നിയമം ബാധകമായിരിക്കും. ലിവ് ഇൻ റിലേഷൻ പൊതുസമൂഹത്തിന്റെ ധാർമികതക്ക് നിരക്കുന്നതല്ലെന്നും ഇത്തരം ബന്ധങ്ങളിലെ ഒരു പങ്കാളി വിവാഹിതനും അല്ലെങ്കിൽ മറ്റൊരു ബന്ധത്തിലാണെങ്കിൽ, ഒരു പങ്കാളി പ്രായപൂർത്തിയാകാത്ത ആളാണെങ്കിൽ ബന്ധം രജിസ്റ്റർ ചെയ്യില്ലെന്നും നിർദേശത്തിലാണ്. രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ബന്ധത്തിന്റെ നിയമപരമായ സാധുത ഉറപ്പാക്കുന്നതിന് സമഗ്രാന്വേഷണവും നടത്തും. രജിസ്റ്റർ ചെയ്ത ലിവ് ഇൻ റിലേഷൻ ബന്ധങ്ങൾ അവസാനിപ്പിക്കുന്നതിന് ഇരുവരുടെയും രേഖാമൂലമുള്ള പ്രസ്‍താവനകളും ആവശ്യമാണ്.

സംസ്ഥാനത്തെ ലിവ് ഇൻ റിലേഷൻ ബന്ധങ്ങളുടെ വിശദാംശങ്ങൾ സ്വീകരിക്കാൻ വെബ്സൈറ്റ് തന്നെ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. അതുപോലെ ലിവ് ഇൻ റിലേഷനിലെ വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെടുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ നൽകുന്നയാളെ മൂന്ന് മാസത്തേക്ക് തടവിനും 25,000 രൂപ പിഴക്കും ശിക്ഷിക്കും. തത്സമയ ബന്ധം രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെടുന്നവർക്ക് പരമാവധി ആറ് മാസം തടവോ 25,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. രജിസ്ട്രേഷനിൽ ഒരു മാസത്തെ കാലതാമസമുണ്ടായാൽ പോലും തടവു ശിക്ഷ ബാധകം. അതുപോലെ രജിസ്റ്റർ ചെയ്ത ലിവ് ഇൻ റിലേഷനുകളിൽ ജനിക്കുന്ന കുട്ടികൾക്ക് മാതാപിതാക്കളുടെ സ്വത്തിന് തുല്യ അവകാശം ലഭിക്കും. ഇത്തരം ബന്ധങ്ങളി​ൽ പങ്കാളി ഉപേക്ഷിച്ച സ്ത്രീകൾക്ക് ജീവനാംശത്തിനും കോടതിയെ സമീപിക്കാം.

ബില്ല് പാസായാൽ രാജ്യത്ത് ഏകസിവിൽകോഡ് നടപ്പാക്കുന്ന ആദ്യസംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. അഞ്ചംഗസമിതി കൈമാറിയ ഏക സിവിൽകോഡ് കരടിന് ഞായറാഴ്ചയാണ് ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നൽകിയത്. റിട്ട. സുപ്രീംകോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള സമിതി നാലു വോള്യങ്ങളിലായി 749 പേജുള്ള കരട് റിപ്പോര്‍ട്ടില്‍ നിരവധി നിര്‍ദേശങ്ങളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. ബഹുഭാര്യത്വത്തിനും ശൈശവവിവാഹത്തിനും പൂർണ നിരോധനം, എല്ലാ മതങ്ങളിലുമുള്ള പെണ്‍കുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കല്‍, വിവാഹമോചനത്തിനുള്ള ഏകീകൃത നടപടിക്രമം എന്നിവയടക്കം നിര്‍ദേശങ്ങളിലുണ്ട്.

Tags:    
News Summary - Register live In relationships or face 6 month jail: Uttarakhand civil code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.