ന്യൂഡൽഹി: മാവോവാദി നേതാവ് രൂപേഷിനെതിരായ കേസുകളിൽ യു.എ.പി.എ എടുത്തുകളഞ്ഞ ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹരജി പിൻവലിക്കാൻ നൽകിയ അപേക്ഷയിൽ കാരണം വ്യക്തമാക്കണമെന്ന് സുപ്രീംകോടതി. സംസ്ഥാന സർക്കാർ നൽകിയ അപേക്ഷ തിങ്കളാഴ്ച പരിഗണിച്ചപ്പോഴായിരുന്നു ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ച് കാരണം വ്യക്തമാക്കാൻ ആവശ്യപ്പെട്ടത്. സെപ്റ്റംബർ 23ന് വീണ്ടും പരിഗണിക്കും.
വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളില്‍ യു.എ.പി.എ വകുപ്പുകള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈയിലാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ചെയ്തത്. കേസുകളുടെ മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല ഹൈകോടതി നടപടിയെന്നും ഡിവിഷന് ബെഞ്ച് വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
സർക്കാർ തീരുമാനം വിവാദമായതോടെ, ഹരജി പിൻവലിക്കാനുള്ള നടപടി എത്രയും വേഗം സീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി എം.പി. പ്രിയമോൾ അഡ്വക്കറ്റ് ജനറലിന് കത്ത് നൽകുകയുണ്ടായി.
തുടർന്ന് ഹരജി പിൻവലിക്കാൻ സുപ്രീംകോടതിയിലെ സംസ്ഥാന സർക്കാറിന്റെ അഭിഭാഷകന് അഡ്വക്കറ്റ് ജനറൽ ഓഫീസിൽനിന്നു നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഹരജി പിൻവലിക്കാനുള്ള അപേക്ഷ നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.