ന്യൂഡൽഹി: നുണകളുടെയും വിദ്വേഷത്തിന്റെയും വക്താക്കളെ തള്ളിക്കളയണമെന്നും ഭാവി സുരക്ഷിതമാക്കാൻ കോൺഗ്രസിന് വോട്ട് ചെയ്യണമെന്നും മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ കോൺഗ്രസും ഇൻഡ്യ സഖ്യവും പ്രതിജ്ഞാബദ്ധരാണെന്നും സോണിയ വ്യക്തമാക്കി. കോൺഗ്രസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് അപ്‌ലോഡ് ചെയ്ത വിഡിയോ സന്ദേശത്തിലാണ് പാർട്ടിയെ പിന്തുണക്കാൻ സോണിയ ഗാന്ധി വോട്ടർമാരോട് ആവശ്യപ്പെട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും ഉദ്ദേശ്യത്തെയും, നയത്തെയും സോണിയ ചോദ്യം ചെയ്തു. യുവാക്കളുടെ തൊഴിലില്ലായ്മ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, ദളിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്കെതിരായ വിവേചനം എന്നിവ അഭൂതപൂർവമായ തലത്തിലെത്തിയതായും സോണിയ പറഞ്ഞു.
ഭരണഘടനയും ജനാധിപത്യവും ഭീഷണിയിലാകുന്നതും ദരിദ്രർ പിന്തള്ളപ്പെടുന്നതും സമൂഹത്തിന്റെ ഘടന ശിഥിലമാകുന്നതും വേദനയുണ്ട്. തങ്ങളുടെ ‘ന്യായ് പത്ര’യും ഗ്യാരണ്ടിയും രാജ്യത്തെ ഒന്നിപ്പിക്കുകയും ഇന്ത്യയിലെ ദരിദ്രർ, യുവാക്കൾ, സ്ത്രീകൾ, കർഷകർ, തൊഴിലാളികൾ, പിന്നാക്കം നിൽക്കുന്ന സമൂഹങ്ങൾ എന്നിവർക്കായി പ്രവർത്തിക്കുകയും ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.