ന്യൂഡൽഹി: ഐ.എസ് ബന്ധം സംശയിക്കുന്ന മലയാളിയെ വ്യാജ പാസ്പോര്‍ട്ടുമായി പിടികൂടിയതായി ഡല്‍ഹി പൊലീസ്. തുര്‍ക്കിയില്‍നിന്ന് അധികൃതര്‍ കയറ്റിവിട്ട കണ്ണൂര്‍ സ്വദേശി ഷാജഹാന് വള്ളുവക്കണ്ടി (32) എന്നയാളെയാണ് ജൂൺ 30ന് ഡല്‍ഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തതെന്ന് ഡൽഹി പൊലീസ് പറഞ്ഞു.
വ്യാജ പാസ്പോര്‍ട്ടുമായി നേരത്തെ രണ്ടുതവണ ഷാജഹാന് തുര്‍ക്കിയില്‍ പോയെന്നും സിറിയയിലേക്ക് കടക്കാന്‍ ശ്രമിച്ചെന്നുമാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്ക് ഐ.എസ് ബന്ധമുണ്ടെന്ന തരത്തിലുള്ള വിവരങ്ങള്‍ അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ ആണ് നല്‍കിയതെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്നും ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ ഐ.ജി പി.എസ്. കുശ്വാഹ പറഞ്ഞു.
ചെന്നൈയിൽനിന്ന് വ്യാജ പാസ്പോർട്ടിൽ തുർക്കിയിലെത്തിയ ഷാജഹാനെ സിറിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തുർക്കി പൊലീസ് പിടികൂടി നാടുകടത്തുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ ശ്രമം നടത്തിയിരുന്നതായും അന്നും തുർക്കി പൊലീസ് പിടികൂടി നാട്ടിലേക്കു മടക്കി അയക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. ആൾമാറാട്ടം, വഞ്ചന, വ്യാജരേഖ ചമക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് എടുത്തു.
ഷാജഹാന് ഐ.എസ് ബന്ധം ഉണ്ടോ എന്നതിന് പുറമെ വ്യാജ പാസ്പോർട്ട് എവിടെനിന്ന് ലഭിച്ചു തുടങ്ങിയ കാര്യങ്ങളും പരിശോധിച്ചുവരുകയാണെന്ന് പി.എസ്. കുശ്വാഹ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.