ഭോപ്പാൽ: സ്വന്തം മതം മറച്ചുവെച്ച ശേഷം മതപരിവർത്തനം നടത്തുന്നത് മധ്യപ്രദേശിൽ മൂന്ന് മുതൽ പത്തു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം. കുറഞ്ഞത് 50,000 രൂപ പിഴയും ലഭിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മത സ്വാതന്ത്രവുമായി ബന്ധപ്പെട്ട ബിൽ ചർച്ച ചെയ്യുന്നതിനായി ഇന്ന് ഭോപ്പാലിൽ നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അധ്യക്ഷത വഹിക്കും.
'ആരെയും ബലമായി മതപരിവർത്തനം ചെയ്യിപ്പിക്കേണ്ടതില്ല, ആരെയെങ്കിലും പ്രലോഭിപ്പിച്ചുകൊണ്ടോ വിവാഹത്തിലൂടെയോ മതം മാറ്റേണ്ടതുമില്ല. വിപരീത സംഭവങ്ങൾ ഉണ്ടായാൽ തടയാനാണ് ബിൽ എന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.
'സ്വന്തം മതം മറച്ചുവെച്ചശേഷം മതപരിവർത്തനം നടത്തുന്നത് മൂന്നു മുതൽ പത്തു വർഷം വരെ തടവും കുറഞ്ഞത് 50,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ആളുകൾ ബലമായി മതപരിവർത്തനത്തിന് ശ്രമിക്കുന്നത് അഞ്ചു മുതൽ പത്തു വർഷം തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു.
മതപരിവർത്തന ഉദ്ദേശ്യത്തോടെ ചെയ്യുന്ന ഏത് വിവാഹവും അസാധുവായി കണക്കാക്കും. മതപരിവർത്തനം ആഗ്രഹിക്കുന്നവരോ ബന്ധപ്പെട്ട മതനേതാക്കളോ ഒരു മാസം മുമ്പുതന്നെ ജില്ല മജിസ്‌ട്രേറ്റിനെ വിവരം അറിയിക്കണമെന്നും മധ്യപ്രദേശ് സി.എം.ഒ അറിയിച്ചു.
'ബില്ലിലെ ആർട്ടിക്കിൾ മൂന്ന് ലംഘിക്കുന്നവർക്ക് ഒന്നു മുതൽ അഞ്ചു വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കും. ഇര പ്രായപൂർത്തിയാകാത്ത ആളോ, സ്ത്രീയോ അല്ലെങ്കിൽ എസ്.സി-എസ്ടി. സമുദായത്തിൽപ്പെട്ടയാളോ ആണെങ്കിൽ രണ്ടുമുതൽ പത്തു വർഷം വരെ തടവും കുറഞ്ഞത് 50,000 രൂപയും പിഴ ലഭിക്കുമെന്നും ഓഫീസ് സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.