ന്യൂഡൽഹി: ആർക്കും ഏതു മതവും തിരഞ്ഞെടുക്കാനും വിശ്വസിക്കാനും ഭരണഘടന അവകാശം ഉറപ്പുനൽകുന്നുണ്ടെന്നും നിർബന്ധിതമല്ലാത്ത ഒരു മതപരിവർത്തനം നിരോധിക്കില്ലെന്നും ഡൽഹി ഹൈകോടതി. ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും മതംമാറ്റുന്നത് തടയാൻ നിയമം നിർമിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സഞ്ജീവ് സച്ച്ദേവ, തുഷാർ റാവു ഗെഡേല എന്നിവരുടെ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
പട്ടികജാതി-പട്ടികവർഗക്കാർ ഉൾപ്പെടെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരെ ദുർമന്ത്രവാദം നടത്തിയും അന്ധവിശ്വാസം പ്രചരിപ്പിച്ചും കൂട്ട മതപരിവർത്തനത്തിന് വിധേയമാക്കുന്നുണ്ടെന്ന് അശ്വിനി കുമാർ ഹരജിയിൽ പറഞ്ഞു. എന്നാൽ, ഉപോൽബലകമായ ആധികാരിക വിവരങ്ങളില്ലാതെ ഹരജിയിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. എന്തടിസ്ഥാനത്തിലാണ് താങ്കൾ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ഹൈകോടതി ചോദിച്ചു. "നിങ്ങൾ നൽകിയ ഒന്നിനും തെളിവോ ഉദാഹരണമോ പോലും ഇല്ല. ഇതിന് വിശദമായ തെളിവ് ഹാജരാക്കൂ. എവിടെയാണ് ഈ ആരോപണങ്ങൾക്ക് അടിസ്ഥാനമായ സ്ഥിതിവിവരക്കണക്കുകൾ? എത്ര മതപരിവർത്തനങ്ങളാണ് നടന്നത്? ആരാണ് പരിവർത്തനം ചെയ്തത്? കൂട്ട മതപരിവർത്തനം നടക്കുന്നുണ്ടെന്ന് നിങ്ങൾ പറയുന്നു, എവിടെ അതിന്റെ എണ്ണവും കണക്കും?' ഹൈകോടതി ചോദിച്ചു.
"ഒന്നാമതായി, ഇവിടെ മതപരിവർത്തനം നിരോധിച്ചിട്ടില്ല. ഏത് വ്യക്തിക്കും താൻ ജനിച്ച മതമോ, താൻ തിരഞ്ഞെടുക്കുന്ന മതമോ സ്വീകരിക്കാൻ അവകാശമുണ്ട്. അതാണ് നമ്മുടെ ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം" കോടതി പറഞ്ഞു.
കൺകെട്ടുവിദ്യയും അത്ഭുത പ്രവൃത്തിയും മറയാക്കിയും നിർബന്ധിച്ചും മതംമാറ്റുന്നത് തടയാൻ സർക്കാറിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വിനി കുമാർ ഉപാധ്യായയാണ് ഹൈകോടതിയെ സമീപിച്ചത്. 'വാട്സ്ആപ്പിലും മറ്റു സമൂഹമാധ്യമങ്ങളിലും വന്ന വിവരങ്ങൾവെച്ചാണ് ഹരജി. സോഷ്യൽ മീഡിയയിലെ വിവരങ്ങളെല്ലാം ആധികാരികമല്ല. നേരും നുണയും ഒരുപോലെ അവിടെ വിതരണം ചെയ്യുന്നുണ്ട്. മതംമാറ്റത്തിന്റെ കാര്യമെടുത്താൽ, അത് നിരോധിച്ചിട്ടൊന്നുമില്ല. ഏതു മതം തിരഞ്ഞെടുക്കാനും അതിൽ വിശ്വസിക്കാനും വ്യക്തിക്ക് ഭരണഘടനാപരമായി അവകാശമുണ്ട്. ഓരോ മതത്തിനും ഓരോ വിശ്വാസമുണ്ട്. നിർബന്ധിച്ചാണ് മതം മാറ്റുന്നതെങ്കിൽ, അത് വേറെ വിഷയം. പക്ഷേ, മതം മാറുന്നത് വ്യക്തിയുടെ ഇഷ്ടമാണ്' -കോടതി പറഞ്ഞു.
അതുകൊണ്ട് പൊതുതാൽപര്യമെന്ന നിലയിൽ നൽകിയിരിക്കുന്ന ഹരജി പരിഗണിക്കണമെങ്കിൽ, അതിനുതക്ക തെളിവ് കോടതിക്ക് നൽകണമെന്ന് ബെഞ്ച് വ്യക്തമാക്കി. കേട്ടുകേൾവിയുമായി കോടതിയെ സമീപിക്കരുത്. രേഖകളുമായി വന്നാൽ വേനലവധി കഴിഞ്ഞ് പരിഗണിക്കാം.
ഹരജിയിൽ നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാറിന് നിർദേശം നൽകണമെന്നായി ബി.ജെ.പി നേതാവിന്റെ അഭിഭാഷകൻ. നിങ്ങൾക്ക് നേരിട്ട് കിട്ടാത്തത് മറ്റൊരു വഴിക്ക് നൽകാനാവില്ലെന്ന് കോടതി ഓർമിപ്പിച്ചു. നിർബന്ധിത മതപരിവർത്തനത്തെക്കുറിച്ച ഹരജി സുപ്രധാന വിഷയങ്ങൾ ഉയർത്തുന്നുണ്ടെന്ന് കേന്ദ്രസർക്കാറിനെ പ്രതിനിധാനംചെയ്യുന്ന അഡീഷനൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ അഭിപ്രായപ്പെട്ടു. താൽപര്യമുണ്ടെങ്കിൽ സർക്കാറിന് നടപടിയെടുക്കാം എന്ന പരാമർശത്തോടെ കോടതി കേസ് മാറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.