ന്യൂഡൽഹി: മതപരിവർത്തനത്തിനെതിരെ സുപ്രീം കോടതിയുടെയും ഡൽഹി ഹൈക്കോടതിയുടെയും വിവിധ ബെഞ്ചുകൾക്ക് മുമ്പാകെ വ്യത്യസ്ത ഹരജികൾ ഇടക്കിടെ ഫയൽ ചെയ്യുന്ന ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായക്ക് സുപ്രീം കോടതിയുടെ ശാസന. ഹരജിയിൽ മതന്യൂനപക്ഷങ്ങൾക്കെതിരെ നടത്തിയ കുറ്റകരമായ പ്രസ്താവനകൾ നീക്കം ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് 2022-ൽ ഉപാധ്യായ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയായിരുന്നു ഇടപെടൽ. "ഹരജികൾ സംബന്ധിച്ച നിയമങ്ങൾക്ക് വിധേയരാണ് തങ്ങളെന്ന് പൊതുതാൽപര്യ ഹരജി നൽകിയ കക്ഷി കരുതുന്നില്ലെന്ന് തോന്നുന്നു. നിങ്ങൾ ഇങ്ങനെ പുതിയ ഹരജികൾ ഫയൽ ചെയ്യുകയും പിൻവലിക്കുകയും ചെയ്യരുത്’ -ഉപാധ്യായക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗൗരവ് ഭാട്ടിയയോട് ചന്ദ്രചൂഡ് പറഞ്ഞു.
ഉപാധ്യായ വിവിധ കോടതിയിൽ നൽകിയ ഹരജികളെ കുറിച്ച് തമിഴ്‌നാടിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി. വിൽസൺ ആണ് കോടതിയെ ബോധിപ്പിച്ചത്. ‘ജസ്റ്റിസ് ആർഎഫ് നരിമാൻ അധ്യക്ഷനായ ബെഞ്ച് ഇത് പരിഗണിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് 2021 ൽ ഹരജിക്കാരൻ സമാനമായ ഹർജി സുപ്രീം കോടതിയിൽ നിന്ന് പിൻവലിച്ചിരുന്നു. ഡൽഹി ഹൈക്കോടതിയിലും സമാനമായ ഹർജികൾ അദ്ദേഹം ഫയൽ ചെയ്യുകയും പിൻവലിക്കുകയും ചെയ്തിട്ടുണ്ട്’ - അഡ്വ. പി. വിൽസൺ ചൂണ്ടിക്കാട്ടി. തുടർന്ന് 2021 ഏപ്രിൽ 9 ന് ജസ്റ്റിസ് നരിമാന്റെ ബെഞ്ചിന് മുമ്പാകെ നിങ്ങൾ ഹർജി പിൻവലിച്ചത് ശരിയാണോ എന്ന് ഭാട്ടിയയോട് ചീഫ് ജസ്റ്റിസ് ചോദിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ മതപരിവർത്തന വിരുദ്ധ നിയമങ്ങളെ ചോദ്യം ചെയ്ത് വിവിധ ഹൈക്കോടതികളിൽ ഹരജി നൽകിയ കക്ഷികളോട്, സമാന ഹരജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊതു ട്രാൻസ്ഫർ പെറ്റീഷൻ ഫയൽ ചെയ്യാനും സുപ്രീം കോടതി തിങ്കളാഴ്ച നിർദേശിച്ചു. അലഹബാദ് ഹൈക്കോടതിയിൽ അഞ്ച്, മധ്യപ്രദേശ് ഹൈക്കോടതിയിൽ ഏഴ്, ഗുജറാത്ത്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ രണ്ട് വീതം, ഹിമാചൽ പ്രദേശ് ഹൈകോടതിയിൽ മൂന്ന്, കർണാടക, ഉത്തരാഖണ്ഡ് ഹൈക്കോടതികളിൽ ഒന്നുവീതം ഹർജികളാണ് നിലവിലുള്ളത്.
ഉപാധ്യായ നൽകിയ ഹരജിയിൽ ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ നടത്തിയ മോശം പ്രസ്താവനകൾ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ കോടതിയിൽ ചൂണ്ടിക്കാട്ടി. "ഉപാധ്യായയുടെ ഹരജിയിൽ മുസ്‍ലിംകളെയും ക്രിസ്ത്യാനികളെയും ബലാത്സംഗക്കാരും കൊലപാതകികളും ആയാണ് പരാമർശിക്കുന്നത്. അത്തരം ഹരജികൾ സുപ്രീം കോടതി പരിഗണിക്കുന്നത് ഭയാനകമായ സന്ദേശമാണ് നൽകുന്നത്" -ദുഷ്യന്ത് ദവെ പറഞ്ഞു. ഈ പരാമർശങ്ങൾ നീക്കണമെന്ന് ഉപാധ്യായയ്‌ക്ക് വേണ്ടി ഹാജരായ മറ്റൊരു മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദാതാറിനോട് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടു.
വിവിധ സംസ്ഥാനങ്ങളിലെ മതപരിവർത്തനത്തിനെതിരായ നിയമങ്ങളെ ചോദ്യം ചെയ്ത് സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ്, ജംഇയത്ത് ഉലമ-ഇ-ഹിന്ദ് എന്നിവർ സമർപ്പിച്ച ഹർജികളും സമാന വിഷയങ്ങളിൽ ഹൈക്കോടതികൾ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവുകൾ ചോദ്യം ചെയ്ത് മധ്യപ്രദേശ്, ഗുജറാത്ത് സർക്കാരുകൾ സമർപ്പിച്ച അപ്പീലുകളും കോടതി പരിഗണിച്ചു. എല്ലാ ഹരജികളും കേൾക്കുമെന്ന് പറഞ്ഞ കോടതി വിഷയം ജനുവരി 30 ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.