പി.എഫ്.ഐ കേസിൽ പ്രതികളുടെ റിമാൻഡ് അപേക്ഷ; പകർപ്പ് നൽകരുതെന്ന് എൻ.ഐ.എ

ന്യൂഡൽഹി: പോപുലർ ഫ്രണ്ടിനെതിരായ കേസിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ പ്രതികൾക്കെതിരെ സമർപ്പിച്ച റിമാൻഡ് അപേക്ഷ നൽകരുതെന്ന് ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ) തിങ്കളാഴ്ച ഡൽഹി ഹൈകോടതിയോട് ആവശ്യപ്പെട്ടു.

എൻ.ഐ.എ അറസ്റ്റിനെ തുടർന്ന് ജാമ്യത്തിന് അപേക്ഷയുമായി ഡൽഹി ഹൈകോടതിയെ സമീപിച്ച മുഹമ്മദ് യൂസുഫ് ആണ് റിമാൻഡ് അപേക്ഷയുടെ പകർപ്പ് ആവശ്യപ്പെട്ടത്. എൻ.ഐ.എയുടെ എതിർപ്പിനെ തുടർന്ന് കേസ് ഹൈകോടതി ഒരു മാസം കഴിഞ്ഞ് പരിഗണിക്കാനായി നവംബർ 11ലേക്ക് നീട്ടി. കേരളത്തിൽനിന്ന് അറസ്റ്റിലായ പ്രമുഖ പി.എഫ്.ഐ നേതാവ് ഇ. അബൂബക്കറും ജാമ്യാപേക്ഷയുമായി ഡൽഹി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.

പ്രഥമ വിവര റിപ്പോർട്ടി(എഫ്.ഐ.ആറി)ന്റെ പകർപ്പും അറസ്റ്റിലായതിന്റെ കാരണവും കൈമാറിയിട്ടുണ്ടെന്ന് ഡൽഹി ഹൈകോടതിയിലെ ജസ്റ്റിസ് അനൂപ് കുമാർ മെൻഡിരാറ്റയുടെ ബെഞ്ച് മുമ്പാകെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. എഫ്.ഐ.ആറും റിമാൻഡ് അപേക്ഷയും താരതമ്യപ്പെടുത്താനാവില്ല. റിമാൻഡ് അപേക്ഷ എൻ.ഐ.എ ഉദ്യോഗസ്ഥൻ കേസ് ഡയറിയുമായി ബന്ധപ്പെടുത്തി തയാറാക്കിയതാണ്. അന്വേഷിച്ചുകൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങളും അതിലുണ്ട്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്.

അതിന്റെ വിശദാംശങ്ങൾ രഹസ്വസ്വഭാവമുള്ളതാണ്. അതിനാൽ കേസ് ഡയറി പോലെ റിമാൻഡ് അപേക്ഷയിലെ ഉള്ളടക്കവും പ്രതിക്ക് നൽകേണ്ട കാര്യമില്ല -എൻ.ഐ.എ അഭിഭാഷകൻ പറഞ്ഞു. എന്നാൽ, മുഹമ്മദ് യൂസുഫിന്റെ അഭിഭാഷകൻ അദിത് പൂജാരി ഇതിനെ എതിർത്തു. റിമാൻഡ് അപേക്ഷ നൽകാതെ അതിനെ എതിർക്കാൻ പ്രതിഭാഗത്തിന് കഴിയില്ലെന്നും പ്രതിക്കെതിരായ ആരോപണങ്ങൾ അതിലാണുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേക കോടതി ജഡ്ജി ഈ രേഖകളെല്ലാം കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തിന് ഈ ആവശ്യം തള്ളുകയും കൊള്ളുകയും ചെയ്യാമെന്നും എൻ.ഐ.എ അഭിഭാഷകൻ ഇതിനോട് പ്രതികരിച്ചു. തുടർന്നാണ് കേസ് നവംബർ 11ലേക്ക് നീട്ടിയത്.

Tags:    
News Summary - Remand application of accused in PFI case; not give copy -N.I.A

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.