ഭിന്നാഭിപ്രായം പ്രകടിപ്പിച്ചതുകൊണ്ട് പ്രതിപക്ഷ ഐക്യം തകരില്ല -ശരദ് പവാർ

മുംബൈ: അദാനി വിഷയത്തിലെ ഭിന്നാഭിപ്രായം പ്രതിപക്ഷ ഐക്യത്തിന് ഭീഷണിയാകില്ലെന്ന് എൻ.സി. പി അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് പവാർ. പല പാർട്ടികൾ ഒന്നിക്കുമ്പോൾ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. സവർക്കർ വിഷയത്തിലും അത് പ്രകടമായിരുന്നു. മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ഞാനത് പ്രകടിപ്പിച്ചതാണ്. ചർച്ചയിലൂടെ അത് പരിഹരിക്കപ്പെട്ടു. ഭിന്നാഭിപ്രായങ്ങൾ ചർച്ചയിലൂടെ പരിഹരിക്കപ്പെടണം. പ്രതിപക്ഷ ഐക്യം തകർന്നുവെന്നു പറയുന്നത് ആരാണെന്ന് എനിക്കറിയില്ല. ഞാൻ എന്റെ കാഴ്ചപ്പാട് പറഞ്ഞുവെന്നേയുള്ളൂ. അദാനിയെ വാഴ്ത്തുകയല്ല, വാസ്തവം ചൂണ്ടിക്കാട്ടുകയാണ് ചെയ്തത് -പവാർ പറഞ്ഞു.

എൻ.ഡി.ടിവി ചാനൽ നടത്തിയ അഭിമുഖത്തിൽ പവാർ ഹിൻഡ്ബർഗ് റിപോർട്ടിനെ തള്ളുകയും അദാനിയെ പിന്തുണക്കുകയും ചെയ്തിരുന്നു. അദാനി ഗ്രൂപ്പിനെ ബോധപൂർവം ലക്ഷ്യമിടുകയാണെന്നാണ് പവാർ പറഞ്ഞത്.

ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യത്തിനായി ശ്രമം നടക്കുന്നതിനിടെ പവാറിന്റെ അഭിമുഖം ചർച്ചയായി. ഇതോടെയാണ് ശനിയാഴ്ച പവാർ തന്റെ നിലപാട് വ്യക്തമാക്കിയത്. അദാനിയുടെ കമ്പനിയിലെ 20,000 കോടി രൂപയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉന്നയിച്ച ചോദ്യം ചൂണ്ടിക്കാണിച്ചപ്പോൾ ഇതേക്കുറിച്ച് തനിക്ക് അറിയില്ലെന്നും വ്യക്തതയില്ലാത്ത വിഷയങ്ങളിൽ താൻ സംസാരിക്കാറില്ലെന്നും പവാർ പ്രതികരിച്ചു.

അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതിയെക്കാൾ വിശ്വാസയോഗ്യത സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതിക്കാണെന്ന് പവാർ ആവർത്തിച്ചു. സംയുക്ത പാർലമെന്ററി സമിതി സർക്കാരിന്റെ നിഴലിലായിരിക്കുമെന്നും സമിതിയിൽ ഭരണപക്ഷത്തിന് മേൽക്കോയ്മ ഉണ്ടാകുമെന്നും അത് സത്യസന്ധമായ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - remark on Adani issue will not affect opposition unity says pawar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.