മുഗൾ ചക്രവർത്തിമാരെ പുസ്തകത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ഹരജി; പിൻവലിച്ചില്ലെങ്കിൽ പിഴയീടാക്കുമെന്ന് കോടതി

ന്യൂഡൽഹി: 12ാം ക്ലാസ് ചരിത്ര പാഠപുസ്തകത്തിൽ നിന്ന് മുഗൾ ചക്രവർത്തിമാരെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പൊതുതാൽപര്യ ഹരജി നൽകിയയാളെ രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈകോടതി. ഹരജി പിൻവലിച്ചില്ലെങ്കിൽ പിഴയീടാക്കുമെന്ന് വ്യക്തമാക്കിയ കോടതി, ഇത്തരം അനാവശ്യ പൊതുതാൽപര്യ ഹരജികൾ കോടതിയുടെ സമയം പാഴാക്കുകയാണെന്നും ചൂണ്ടിക്കാട്ടി.

മുഗൾ ചക്രവർത്തിമാരായ ഒൗറംഗസേബ്, ഷാജഹാൻ തുടങ്ങിയവർ ആരാധനാലയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സഹായം നൽകിയിരുന്നെന്ന് പഠിപ്പിക്കുന്ന ഭാഗം ഒഴിവാക്കണമെന്നായിരുന്നു ഹരജിക്കാരന്‍റെ ആവശ്യം. യുദ്ധങ്ങളിൽ ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെടുമ്പോൾ പോലും പിന്നീട് അവയുടെ പുനരുദ്ധാരണത്തിന് മുഗൾ ചക്രവർത്തിമാർ സഹായം നൽകിയിരുന്നെന്നാണ് പാഠഭാഗത്തിൽ പറയുന്നത്. എന്നാൽ, ഇത് വസ്തുതാപരമല്ലെന്നും കുട്ടികളെ പഠിപ്പിക്കുന്നതിൽ നിന്നും ഒഴിവാക്കണമെന്നുമായിരുന്നു ഹരജിക്കാരന്‍റെ ആവശ്യം.

ജസ്റ്റിസ് ഡി.എൻ. പട്ടേൽ, ജസ്റ്റിസ് ജ്യോതി സിങ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഹരജിക്കാരനെ രൂക്ഷമായി വിമർശിച്ചു. പരാതി കോടതിയുടെ സമയം പാഴാക്കലാണെന്നും കോടതി ചെലവ് ഈടാക്കി തള്ളേണ്ടിവരുമെന്നും ബെഞ്ച് മുന്നറിയിപ്പ് നൽകി. ഇതോടെ, ഹരജി പിൻവലിക്കാമെന്ന് ഹരജിക്കാരൻ അറിയിക്കുകയായിരുന്നു.

ഷാജഹാന്‍റെയും ഒൗറംഗസേബിന്‍റെയും നയങ്ങളിൽ നിങ്ങൾക്ക് എതിർപ്പുണ്ടെന്ന് കരുതി അവരുടെ നയങ്ങൾ ഞങ്ങൾ മാറ്റണമെന്നാണോ നിങ്ങൾ ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. കേന്ദ്രത്തിന്‍റെയും സംസ്ഥാന സർക്കാറിന്‍റെയും നയങ്ങൾ പോലും തീരുമാനിക്കാൻ ഞങ്ങൾക്കാവില്ല. അപ്പോഴാണ് ഷാജഹാന്‍റെയും ഒൗറംഗസേബിന്‍റെയും നയം തീരുമാനിക്കണമെന്ന് ആവശ്യപ്പെടുന്നത് -ഹരജിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് കോടതി പറഞ്ഞു. 

Tags:    
News Summary - Removing Mughal emperors Delhi HC refuses to entertain PIL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.