‘ജി-23’യുടെ കഥ കഴിച്ച് പ്രവർത്തക സമിതി പുന:സംഘടന; മുറുമുറുപ്പ് അവശേഷിച്ചത് കേരളത്തിലെ ഗ്രൂപ്പ് പോരിൽ

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടന​യിലൂടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജു​ൻ ഖാർഗെ ഗാന്ധി കുടുംബത്തിനെതിരെ കലാപക്കൊടി ഉയർത്തിയ ‘ജി -23’യെ അടക്കം ചെയ്തു. സോണിയ ഗാന്ധിയുടെ വി​ശ്വസ്തർക്ക് പുറമെ രാഹുലിന് വേണ്ടപ്പെട്ടവരിൽ ഭൂരിഭാഗത്തെയും നേതൃതലത്തിലെത്തിച്ചാണ് ഗാന്ധി കുടുംബത്തിനെതിരെ ഇനിയൊരു അപശബ്ദത്തിന് അവസരം കൊടുക്കാത്ത തരത്തിൽ ഖാർഗെ ജി-23യുടെ കഥ കഴിച്ചത്. പാർട്ടി നടത്തിപ്പിൽ ഗാന്ധി കുടുംബത്തിന്റെ അപ്രമാദിത്തം ചോദ്യം ചെയ്ത് കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാഗാന്ധിക്ക് കത്തെഴുതിയ ‘ജി -23’യെ ഇനിയൊരിക്കലും കോൺഗ്രസ് നേതൃത്വത്തിന് ഭീഷണി ആകാത്ത തരത്തിലാണ് പ്രവർത്തക സമിതി പുനഃസംഘടനയിലൂടെ കൈകാര്യം ചെയ്തത്.

39 അംഗ പ്രവർത്തക സമിതി അംഗങ്ങളെ കൂടാതെ സ്ഥിരം ക്ഷണിതാക്കളും പ്രത്യേക ക്ഷണിതാക്കളുമായി 84 പേരെ അഖിലേന്ത്യാ നേതൃത്വത്തിൽ എത്തിച്ച കൂറ്റൻ പുനഃസംഘടനയാണിത്. സോണിയാ ഗാന്ധിയെ വേദനിപ്പിച്ച കത്തിലൊപ്പിട്ട ശശി തരൂർ, ആനന്ദ് ശർമ, മുകുൽ വാസ്നിക്, വീരപ്പ മൊയ്‍ലി, മനീഷ് തിവാരി എന്നീ വിമതർക്ക് ഇടം നൽകിയത് ഇനിയൊരു ബലാബലത്തിന് അവസരം നൽകാത്ത വിധം അവരെ ദുർബലമാക്കിയാണ്. സോണിയക്ക് കത്തെഴുതി രാജിവെച്ചിറങ്ങിപ്പോയ ഗുലാം നബി ആസാദ് ഇല്ലാതായ പ്രവർത്തക സമിതിയിൽ സോണിയയോട് കൂറ് കാണിച്ചതിന് ‘ജി-23’യുടെ അപ്രീതിക്കിരയായ എ.കെ ആന്റണി, ജയറാം രമേശ്, സൽമാൻ ഖുർശിദ്, അംബികാ സോണി, മീരാ കുമാർ, ദിഗ്‍വിജയ് സിങ്ങ്, പി. ചിദംബരം, താരീഖ് അൻവർ തുടങ്ങിയ മുതിർന്ന നേതാക്കളെയാരെയും ഖാർഗെ തള്ളിയില്ല. സ്വന്തം നിലക്ക് ഒഴിവാകാൻ നോക്കിയ എ.കെ ആന്റണിയെയു​ം അംബിക സോണിയെയും ഖാർഗെ വിട്ടില്ല. അതോടൊപ്പം ‘ജി-23’യെ തള്ളിയ പുതുമുഖങ്ങളായും നിരവധി പേർ വന്നു. സചിൻ പൈലറ്റ്,ഗൗരവ് ഗോഗോയി, തംരധ്വജ് സാഹു, ചരഞജിത് ചന്നി, സയ്യിദ് നസീർ ഹുസൈൻ, രഘുവീര റെഡ്ഢി, അഭിഷേക് മനു സിങ്‍വി, കാമേശ്വർ പട്ടേൽ, എം.എസ് മാളവ്യ എന്നിവർ സമിതിയിലെ പുതുമുഖങ്ങളാണ്.

രാഹുൽ ഗാന്ധിയുടെ ഏറ്റവുമടുത്ത നേതാക്കളിൽ കെ.സി വേണുഗോപാൽ, രൺദീപ് സുർജെവാല, ജിതേന്ദ്ര സിങ്ങ്, രാജീവ് ശുക്ല, സചിൻ റാവു, കെ. രാജു, ഡോ. അജോയ് കുമാറും ഏതെങ്കിലും നിലക്ക് പ്രവർത്തക സമിതിയുടെ ഭാഗമായപ്പോൾ എ.ഐ.സി.സി ഡാറ്റ അനലിറ്റിക്സ് വകുപ്പ് മേധാവി പ്രവീൺ ചക്രവർത്തി മാത്രമാണ് പുനഃസംഘടനയിൽ നിന്ന് തള്ളപ്പെട്ട രാഹുലിന്റെ വിധേയൻ. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും പ്രവർത്തക സമിതിയിൽ നിന്ന് മാറ്റി നിർത്തിയത് സർക്കാറിലും പാർട്ടിയിലും ഒരേ അധികാര കേന്ദ്രങ്ങൾ വേണ്ട എന്ന നിലയിലാണ്. ഹൃദയവിശാലത കാണിച്ച് തന്നെ പാർട്ടിക്കുള്ളിലെ എതിരാളികളെ വഴിക്കുവരുത്തിയ മല്ലികാർജുൻ ഖാർഗെയുടെ രീതി കേരളത്തിലെ ​ഗ്രൂപ്പ് പോരിന്റെ കാര്യത്തിൽ കെ.സി വേണുഗോപാൽ അനുവർത്തിക്കാതിരുന്നതാണ് കേരളത്തിൽ മാത്രം ആ നിലക്കുള്ള മുറുമുറുപ്പ് ബാക്കിയാക്കിയത്.

Tags:    
News Summary - Reorganization of Congress Working Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.