ബംഗളൂരു: നന്ദി ഹിൽസിൽ 300 അടി കുത്തനെ താഴ്ചയുള്ള പാറയിടുക്കിൽ കുടുങ്ങിയ വിദ്യാർഥിയെ സൈനിക ഹെലികോപ്ടർ ഉപയോഗിച്ച് രക്ഷപ്പെടുത്തി. ബംഗളൂരു പി.ഇ.എസ് കോളജ് ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് വിദ്യാർഥിയും ഡൽഹി സ്വദേശിയുമായ നിഷാങ്ക് ശർമയാണ് (19) മലയിൽ കുടുങ്ങിയത്.
ഞായറാഴ്ച രാവിലെയാണ് നിഷാങ്ക് തന്‍റെ ബൈക്കിൽ നന്ദി ഹിൽസിലേക്ക് പുറപ്പെട്ടത്. നന്ദി ഹിൽസിലെത്തി മടങ്ങുന്നതിനു മുമ്പ് മലയിൽ കയറാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, കാൽ തെന്നി പാറയിടുക്കിൽ വീണു. വീഴ്ചയിൽ ചെറിയ പരിക്കേറ്റെങ്കിലും അൽപസമയത്തിനുശേഷം ഫോണിൽ ലോക്കൽ പൊലീസിനെ വിവരമറിയിച്ചു. പിന്നീട് വീട്ടുകാരെയും.
വിവരമറിഞ്ഞതോടെ ഡിവൈ.എസ്.പി വാസുദേവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തേക്ക് കുതിച്ചു. എന്നാൽ, ഏറെ ദുർഘടമായ പ്രദേശത്തായിരുന്നു കുടുങ്ങിക്കിടന്നിരുന്നത്. വിദ്യാർഥിയുമായി പൊലീസുകാർക്ക് സംസാരിക്കാനായെങ്കിലും കുടുങ്ങിയ സ്ഥലം കണ്ടെത്താനായില്ല. കുത്തനെയുള്ള പാറയായതിനാൽ പരമാവധി 30 അടി വരെ മാത്രമേ പൊലീസുകാർക്ക് എത്താനായുള്ളൂ.
പരിക്കേറ്റതിനാൽ വിദ്യാർഥിയെ പുറത്തെത്തിക്കുന്നതും പ്രയാസകരമാവുമെന്ന് മനസ്സിലാക്കിയതോടെ പൊലീസ് ഡെപ്യൂട്ടി കമീഷണറെ വിവരമറിയിച്ചു. ഡെപ്യൂട്ടി കമീഷണറുടെ അടിയന്തര സന്ദേശം ലഭിച്ചതോടെ എം.ഐ17 ഹെലികോപ്ടറുമായി രക്ഷാദൗത്യത്തിന് വ്യോമസേന കുതിച്ചെത്തി. ഹെലികോപ്ടറിൽനിന്ന് നൽകിയ സുരക്ഷാ കയറിൽ നിഷാങ്കിനെ സൈന്യം ജീവിതത്തിലേക്ക് തിരികെ കയറ്റുമ്പോൾ രക്ഷാദൗത്യം അഞ്ചു മണിക്കൂർ പിന്നിട്ടിരുന്നു.
വൈകിട്ട് ആറോടെയാണ് രക്ഷാ പ്രവർത്തനം പൂർത്തിയായത്. പരിക്കേറ്റതിനാലും വെള്ളവും ഭക്ഷണവും ലഭിക്കാത്തതിനാലും അവശനായിരുന്ന നിഷാങ്കിനെ ഉടൻ യെലഹങ്ക എയർബേസിലെത്തിച്ച് അവിടെ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായി ഓപറേഷന് നേതൃത്വം നൽകിയ ചിക്കബല്ലാപുര എസ്.പി ജി.കെ. മിഥുൻ കുമാർ പറഞ്ഞു. അടുത്തിടെ പാലക്കാട് ചെറാട് കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ആർ. ബാബുവിനെ സൈന്യം രക്ഷിച്ചത് വലിയ വാർത്തയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.