ന്യൂഡൽഹി: 2019ലെ പൊതു തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നിരിക്കാനുള്ള സാധ്യതകളിലേക്ക് വിരൽചൂണ്ടി ഗവേഷണ പ്രബന്ധം. അശോക യൂനിവേഴ്സിറ്റിയിലെ സബ്യസാചി ദാസ് തയാറാക്കിയ പ്രബന്ധത്തിലാണ് ഇതുസംബന്ധിച്ച സൂചനകൾ നൽകുന്നത്. ബി.ജെ.പിയും എതിർ പാർട്ടിയും കടുത്ത പോരാട്ടം കാഴ്ചവെച്ച മിക്ക മണ്ഡലങ്ങളിലും ബി.ജെ.പിയുടെ ജയം സംശയാസ്പദമാണ്.
മുൻകാല തെരഞ്ഞെടുപ്പുകളിൽ ഇത്തരമൊരു ചിത്രം കാണാനുണ്ടായിരുന്നില്ല. മാത്രമല്ല, കടുത്ത പോരാട്ടത്തിനൊടുവിൽ ബി.ജെ.പി ജയിച്ച മിക്ക മണ്ഡലങ്ങളും പാർട്ടി അധികാരത്തിലിരുന്ന സംസ്ഥാനങ്ങളുമാണ്. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതിന്റെ ഫലമാണ് ഇതെന്നതിന് തെളിവില്ലെങ്കിലും ഭരണകക്ഷിയെന്ന നിലയിൽ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും സമൂഹ മാധ്യമങ്ങളിലും ബി.ജെ.പിയുടെ അമിത സ്വാധീനം ഇതിന് കാരണമായിരിക്കാമെന്ന് സബ്യസാചി ദാസ് പറയുന്നു.
ഏഴ് ഘട്ടങ്ങളിലായി നടന്ന 2019ലെ തെരഞ്ഞെടുപ്പിൽ ആദ്യ നാല് ഘട്ടങ്ങളിൽ പാർലമെന്റ് മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങളിൽ രേഖപ്പെടുത്തിയ അന്തിമ വോട്ടുകണക്ക് തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. 543ൽ 373 മണ്ഡലങ്ങളിലെ കണക്കുകളാണ് പ്രസിദ്ധീകരിച്ചത്.
പിന്നീട്, വോട്ടിങ് യന്ത്രങ്ങളിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം മണ്ഡലം തിരിച്ച് പുറത്തുവിട്ടു. എന്നാൽ, ഈ കണക്കുകൾ തമ്മിലെ പൊരുത്തക്കേടുകൾ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിൽനിന്ന് ആദ്യത്തെ കണക്കുകൾ നീക്കം ചെയ്തു.
ആദ്യ നാല് ഘട്ടങ്ങളിലെ 373 പാർലമെന്റ് മണ്ഡലങ്ങളിൽ 64 ശതമാനത്തിൽ വോട്ടെണ്ണത്തിൽ പിന്നീട് വർധനയുണ്ടായി. എന്നാൽ, മറ്റ് മണ്ഡലങ്ങളിൽ ആദ്യ കണക്കുകളിൽനിന്ന് കുറവുമുണ്ടായി. ഏറ്റവും കുറവ് വോട്ട് വ്യത്യാസം 358 ആണ്. ഏറ്റവും കൂടുതൽ വോട്ട് വ്യത്യാസമുണ്ടായത് ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ മണ്ഡലത്തിലാണ്. 57,747 വോട്ടുകളുടെ വ്യത്യാസമാണ് ഇവിടെ കണ്ടെത്തിയത്.
2014 മുതൽ 2019 വരെയുള്ള കാലയളവിൽ വോട്ടർമാരുടെ എണ്ണത്തിലെ വർധനവിലും പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ബി.ജെ.പി കഷ്ടിച്ച് ജയിച്ച മണ്ഡലങ്ങളിൽ വോട്ടർമാരുടെ വളർച്ചാനിരക്കിൽ അഞ്ച് ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയത്. മറ്റ് മണ്ഡലങ്ങളിൽ ഇത് കേവലം 0.09 ശതമാനമായിരുന്നു.
മുസ്ലിം വോട്ടർമാർ നിർണായകമായ മണ്ഡലങ്ങളിലാണ് എണ്ണത്തിൽ കൂടുതൽ കുറവുണ്ടായതെന്നതും ശ്രദ്ധേയമാണ്. വോട്ടർപട്ടികയിൽനിന്ന് മുസ്ലിം വോട്ടർമാരെ ഒഴിവാക്കാൻ ശ്രമം നടന്നതായും പ്രബന്ധത്തിൽ ചൂണ്ടിക്കാട്ടുന്നു.
പ്രാദേശിക തലത്തിൽ വോട്ടർ രജിസ്ട്രേഷനിൽ ന്യൂനപക്ഷ വിഭാഗത്തിനെതിരെ വിവേചനപരമായി നടപടിയുണ്ടായി. കുറഞ്ഞ ഭൂരിപക്ഷത്തിൽ ബി.ജെ.പി ജയിച്ച മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നിരീക്ഷകരായി കൂടുതലായി ഉണ്ടായിരുന്നത് സംസ്ഥാന സർവിസിൽനിന്നുള്ള ഉദ്യോഗസ്ഥരായിരുന്നു എന്നതും വ്യക്തമായിട്ടുണ്ട്.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത് കൂടുതൽ സംഭവിച്ചത്. ഭരണകക്ഷിയോട് ആഭിമുഖ്യം പുലർത്തുന്ന ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ക്രമക്കേടിന് കൂട്ടുനിന്നിരിക്കാനുള്ള സാധ്യതയും അദ്ദേഹം മുന്നോട്ടുവെക്കുന്നു.
തെരഞ്ഞെടുപ്പ് കമീഷൻ ഏതെങ്കിലും തരത്തിൽ കൃത്രിമം നടത്തി എന്നതിന് തെളിവൊന്നുമില്ലെന്ന് പ്രബന്ധം ചൂണ്ടിക്കാട്ടുന്നു. അതിനുള്ള സാധ്യത വിരളവുമാണ്. എന്നാൽ, പ്രാദേശിക തലത്തിൽ കൃത്രിമം നടന്നിരിക്കാനുള്ള സാധ്യത ഏറെയാണ്.
വോട്ടെടുപ്പ് കേന്ദ്രത്തിലോ വോട്ടെണ്ണുന്ന സമയത്തോ ആയിരിക്കാം ഇത് സംഭവിച്ചിട്ടുണ്ടാവുക. ശക്തമായ പോരാട്ടത്തിനൊടുവിൽ ബി.ജെ.പി വിജയിച്ച മണ്ഡലങ്ങളിൽ ഇലക്ട്രോണിക് വോട്ടുയന്ത്രത്തിലെ പൊരുത്തക്കേട് താരതമ്യേന കൂടുതലായിരുന്നുവെന്നും പ്രബന്ധത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.