മതം മാറിയ ദലിതുകൾക്ക് സംവരണം: കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കണം

ന്യൂഡൽഹി: മതപരിവർത്തനം ചെയ്ത ദലിതുകൾക്ക് സംവരണം നൽകുന്ന കാര്യത്തിൽ കേന്ദ്ര സർക്കാറിന്റെ നിലപാട് എന്താണെന്ന് മൂന്നാഴ്ചക്കകം വ്യക്തമാക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു. 18 വർഷം മുമ്പ് സമർപ്പിച്ച ഹരജി പരിഗണനക്കെടുത്ത ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് കാലതാമസമില്ലാതെ വാദം പൂർത്തിയാക്കുമെന്ന് അറിയിച്ചു. കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കി ഒരാഴ്ചക്കകം ഹരജിക്കാർ മറുപടി നൽകണം.

ഇതുകൂടാതെ കേസിലെ എല്ലാ കക്ഷികളും തങ്ങൾക്ക് ബോധിപ്പിക്കാനുള്ള കാര്യങ്ങൾ കേസ് അടുത്ത തവണ പരിഗണിക്കുന്നതിന് മൂന്നു ദിവസം മുമ്പ് എഴുതി സമർപ്പിക്കണമെന്നും ബെഞ്ച് നിർദേശിച്ചു. മത, ഭാഷാ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിച്ച മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രംഗനാഥ മിശ്ര അധ്യക്ഷനായ കമീഷൻ 2007ൽ സമർപ്പിച്ച റിപ്പോർട്ട് ദലിത് കൃസ്ത്യാനികൾക്ക് സംവരണം വേണമെന്ന് ശിപാർശ ചെയ്തിരുന്നു. ഈ റിപ്പോർട്ട് നിലനിൽക്കുന്നതാണെന്ന് ഹരജിക്കാരായ സി.പി.ഐ.എലിനു വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷൺ വാദിച്ചു.

ദലിത് കൃസ്ത്യാനികൾക്ക് സംവരണം നൽകിയാൽ കൃസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന അവർ സംവരണാവസരങ്ങൾ കൈവശപ്പെടുത്തുമെന്ന ആശങ്കയാണ് പലരും പ്രകടിപ്പിക്കുന്നത്. ഇതിന് പരിഹാരമായി ദലിത് സംവരണത്തിനകത്ത് വിവിധ മതവിഭാഗങ്ങളുടെ ജനസംഖ്യ കണക്കാക്കി അതിന് ആനുപാതികമായി ഉപസംവരണം പോലെയുള്ള രീതി ഏർപ്പെടുത്തിയാൽ മതിയെന്ന് പ്രശാന്ത് ഭൂഷൺ നിർദേശിച്ചു. സംവരണത്തിനകത്ത് സംവരണം ഏർപ്പെടുത്തുന്ന ഈ രീതി ഒ.ബി.സി സംവരണത്തിലുണ്ട്. പട്ടിക ജാതി സംവരണത്തിൽ അതുപോലെ ചെയ്യാനാകുമോ എന്നതാണ് ചോദ്യമെന്നും ഭൂഷൺ ബോധിപ്പിച്ചു.

എന്നാൽ ജസ്റ്റിസ് രംഗനാഥ മിശ്ര കമീഷൻ റിപ്പോർട്ട് നിലവിൽ കേന്ദ്രം ഭരിക്കുന്ന സർക്കാർ അംഗീകരിക്കുന്നില്ല എന്ന് കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചു. കമീഷൻ നിരവധി ഘടകങ്ങൾ പരിഗണിച്ചിട്ടില്ല എന്നാണ് കേന്ദ്ര നിലപാട്. ദലിതുകൾ മതം മാറിക്കഴിഞ്ഞാൽ പട്ടിക ജാതി സമുദായത്തിനുള്ള ആനുകൂല്യങ്ങൾ നൽകേണ്ടതുണ്ടോ എന്നതാണ് യഥാർഥ ചോദ്യമെന്ന് മേത്ത വാദിച്ചു. ദലിത് ആയതിന്റെ പേരിൽ അനുഭവിക്കുന്ന പ്രത്യാഘാതങ്ങൾ ഇല്ലാതാക്കാനാണ് മതം മാറുന്നതെങ്കിൽ മതപരിവർത്തനത്തിനുശേഷം സംവരണം തുടരേണ്ട കാര്യമില്ല എന്നും മേത്ത പറഞ്ഞു.

രംഗനാഥ മിശ്ര കമീഷൻ റിപ്പോർട്ട് തങ്ങൾ അംഗീകരിക്കുന്നില്ലെന്ന് കേന്ദ്രം എന്നാണ് സത്യവാങ്മൂലം നൽകിയതെന്നും കഴിഞ്ഞ ഏഴോ എട്ടോ വർഷങ്ങൾക്കുള്ളിലാണോ അതിനു മുമ്പാണോ എന്നും ജ. കൗൾ ചോദിച്ചു. അത്തരമൊരു സത്യവാങ്മൂലത്തെ കുറിച്ചറിയില്ലെന്നായിരുന്നു മേത്തയുടെ മറുപടി. സാമൂഹികമായ അനന്തരഫലങ്ങളുണ്ടാക്കുന്ന വിഷയമാണിതെന്ന് മേത്ത ബോധിപ്പിച്ചപ്പോൾ എന്ത് അനന്തരഫലങ്ങളുണ്ടാക്കിയാലും കേസ് തീർപ്പാക്കാനുള്ളതാണെന്ന് ബെഞ്ച് പ്രതികരിച്ചു.

കേന്ദ്ര സർക്കാർ നിലപാട് അറിയിക്കാൻ സമയം നൽകണമെന്ന മേത്തയുടെ ആവശ്യം അംഗീകരിച്ച് കോടതി മൂന്നാഴ്ച സമയം നൽകി. ദലിത് കൃസ്ത്യാനികൾക്ക് സംവരണം ആവശ്യപ്പെട്ട് ദേശീയ ദലിത് കൃസ്ത്യൻ കൗൺസിൽ (എൻ.സി.ഡി.സി) സമർപ്പിച്ച ഹരജിയിൽ തുടർനടപടി ആവശ്യപ്പെട്ട് രണ്ടു വർഷം മുമ്പ് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.

Tags:    
News Summary - Reservation for converted Dalits: Central government should clarify its position

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.