ന്യൂഡൽഹി: പിന്നാക്ക, ദുർബല വിഭാഗങ്ങൾക്ക് സർക്കാർ ഉദ്യോഗത്തിലും വിദ്യാലയ പ്രവേശനത്തിലും 50 ശതമാനമെന്ന സംവരണ പരിധി വെച്ച സുപ്രധാന വിധി പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് അഭിപ്രായം അറിയിക്കാൻ സുപ്രീംകോടതി കേരളത്തിനും തമിഴ്നാടിനും ഒരാഴ്ചകൂടി സമയം അനുവദിച്ചു.
ഏപ്രിൽ ആറിന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നിലപാട് അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന് കേരളത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത ആവശ്യപ്പെട്ടു. എന്നാൽ, സംവരണ പരിധി 50 ശതമാനത്തിൽ അധികമാകരുതെന്ന ഇന്ദിര സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കണമോയെന്നും വിശാല ബെഞ്ചിന് വിടണമോയെന്നുമുള്ള വിഷയമാണ് പരിഗണിക്കുന്നതെന്നും തെരഞ്ഞെടുപ്പ് നിലപാട് അറിയിക്കാൻ തടസ്സമല്ലെന്നും വ്യക്തമാക്കിയ കോടതി ഒരാഴ്ചകൂടി സമയം അനുവദിക്കുകയായിരുന്നു.
മഹാരാഷ്ട്രയിലെ സംവരണവുമായി ബന്ധപ്പെട്ട ഹരജി മുൻനിർത്തിയാണ് സുപ്രീംകോടതി നടപടി. വിശാല മാനങ്ങളുള്ള സംവരണ വിഷയം ഒരു സംസ്ഥാനത്തു മാത്രം ഒതുങ്ങുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം കേൾക്കേണ്ടതുണ്ടെന്ന് നേരേത്ത വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.