ന്യൂഡൽഹി: ഭിന്നശേഷിക്കാർ ജനറല്‍ വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചാലും സ്ഥാനക്കയറ്റത്തിൽ സംവരണത്തിന് അര്‍ഹരാണെന്ന് സുപ്രീംകോടതി വിധിച്ചു. വിധി മൂന്നു മാസത്തിനകം നടപ്പാക്കണമെന്നും ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, ആര്. സുഭാഷ് റെഡ്ഡി എന്നിവരടങ്ങുന്ന ബെഞ്ച് കേരളത്തോട് നിര്‍ദേശിച്ചു. ഹൈകോടതി വിധിക്കെതിരെ കേരള സര്‍ക്കാര്‍ സമർപ്പിച്ച അപ്പീൽ തള്ളിയാണ് ഇടുക്കി ജില്ല പൊലീസ് ഓഫിസിലെ കാഷ്യർ ലീലാമ്മ ജോസഫ് കക്ഷിയായ കേസിലെ സുപ്രീംകോടതി വിധി.
ജനറല്‍ വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ച ഭിന്നശേഷിക്കാര്‍ക്ക്, ഭിന്നശേഷി സ്ഥാനക്കയറ്റത്തിൽ മൂന്നു ശതമാനം സംവരണം ബാധകമല്ലെന്നായിരുന്നു കേരള സര്‍ക്കാറിെൻറ വാദം. പരാതിക്കാരിക്ക് ആശ്രിത നിയമനം ലഭിച്ചതാണെന്നും അതിനാല്‍ സംവരണ ആനൂകൂല്യത്തിന് അര്‍ഹതയില്ലെന്നും കേരളം വാദിച്ചു.
എന്നാല്‍, ഇൗ വാദങ്ങൾ തള്ളിയ സുപ്രീംകോടതി ഇത്തരം ചിന്താഗതി വിവേചനപരവും ഭരണഘടന ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി. ജനറല്‍ വിഭാഗത്തിലാണോ സംവരണ വിഭാഗത്തിലാണോ ജോലിയില്‍ പ്രവേശിച്ചത് എന്നതില്‍ കാര്യമില്ല എന്നും എന്നു മുതല്‍ അവര്‍ ആവശ്യപ്പെടുന്നോ അന്നു മുതല്‍ സംവരണം ഉറപ്പാക്കണം എന്നും ബൈഞ്ച് തുടർന്നു.
ഭിന്നശേഷിക്കാരുടെ സംവരണം സംബന്ധിച്ച ഹൈകോടതി വിധി പ്രശംസനീയമാണെന്നും അതില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകൾ നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടിയ കോടതി മൂന്നു മാസത്തിനകം എല്ലാ തസ്തികകളിലും ഭിന്നശേഷിക്കാരുടെ സംവരണം നടപ്പാക്കണമെന്നും നിര്‍ദേശിച്ചു. ലീലാമ്മ ജോസഫ് ആദ്യം കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെയാണ് സമീപിച്ചത്.
1996ല്‍ സഹോദരന് മരിച്ചതിനെ തുടര്‍ന്ന് ആശ്രിത നിയമനം വഴി പൊലീസ് വകുപ്പില്‍ ടൈപ്പിസ്റ്റ്/ക്ലര്‍ക്ക് ആയി ജോലിക്ക് കയറി. പോളിയോ ബാധിച്ച് 55 ശതമാനം ശാരീരിക പരിമിതിയുണ്ടായിരുന്നു. എന്നിട്ടും അവർക്ക് സീനിയര്‍ ക്ലര്‍ക്കായി ഉദ്യോഗക്കയറ്റം നൽകാൻ സംവരണാനുകൂല്യം അനുവദിച്ചില്ല. സ്ഥാനക്കയറ്റത്തിന് അവസരം നൽകിയിരുന്നുവെങ്കിൽ ജൂനിയര്‍ സൂപ്രണ്ട് വരെ ആകാമായിരുന്നുവെന്ന് ലീലാമ്മ ജോസഫ് ബോധിപ്പിച്ചിരുന്നു.
എന്നാല്‍, കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ ഈ വാദം തള്ളി. പിന്നീട് കേസ് കേരള ഹൈകോടതിയില്‍ എത്തിയപ്പോള്‍ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിെൻറ വാദം കോടതി തള്ളി. തുടർന്ന് അവർ സമർപ്പിച്ച ഹരജിയിലായിരുന്നു കേരള ഹൈകോടതിയുടെ അനുകൂല വിധി. പരാതിക്കാരി വിരമിച്ചിട്ടുണ്ടെങ്കില്‍ അര്‍ഹമായ അവസാന ശമ്പളത്തിെൻറ അടിസ്ഥാനത്തില്‍ പെന്ഷന് തുക നിര്‍ണയിച്ചു നല്‍കണമെന്നും ഹൈകോടതി നിര്‍ദേശിച്ചിരുന്നു.
എയ്ഡഡ് സ്കൂളുകളിലും കോളജുകളിലും ഭിന്നശേഷിക്കാർക്ക് സംവരണം നൽകണമെന്ന ഹൈകോടതി ഉത്തരവിനെതിരെ നായർ സർവിസ് സൊസൈറ്റിയും കത്തോലിക്ക മാനേജ്മെൻറ് കൺസോർട്യവും സുപ്രീംകോടതിയിൽ. ജനറൽ അടക്കം ഏത് കാറ്റഗറിയിൽ സർവിസിൽ കയറിയാലും ഭിന്നശേഷിക്കാർക്ക് സ്ഥാനക്കയറ്റത്തിലും സംവരണത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി വിധിച്ച ദിവസം തന്നെയാണ് കാത്തലിക് സ്കൂൾ മാനേജ്മെൻറ് കൺസോർട്യവും, എൻ.എസ്.എസ് കോളജുകളുടെ സെൻട്രൽ കമ്മിറ്റിയും സുപ്രീംകോടതിയിലെത്തിയത്. ഭിന്നശേഷിക്കാരുടെ സംവരണത്തിനായി സംസ്ഥാന സർക്കാർ 2018 നവംബർ 18ന് ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.