ഹൈദരാബാദ്: മക്ക മസ്ജിദ് ബോംബ് സ്ഫോടന കേസിൽ പ്രതികളെ കുറ്റമുക്തരാക്കിയ ശേഷം രാജിവെച്ച എൻ.െഎ.എ പ്രത്യേക കോടതി ജഡ്ജി കെ. രവീന്ദർ റെഡ്ഡി ജോലിയിൽ തിരികെ പ്രവേശിച്ചു. റെഡ്ഡിയുടെ രാജി അപേക്ഷ ഹൈകോടതി നിരസിച്ചതിനെ തുടർന്നാണിത്. ആക്ടിങ് ചീഫ് ജസ്റ്റിസ് രമേശ് രംഗനാഥൻ ആണ് രാജി അപേക്ഷ തള്ളിയത്. രവീന്ദർ റെഡ്ഡി സമർപ്പിച്ച 15 ദിവസത്തെ അവധി അപേക്ഷയും പരിഗണിച്ചില്ല.
പകരം റെഡ്ഡിയോട് ഉടൻ ജോലിക്ക് ഹാജരാകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മക്ക മസ്ജിദ് സ്ഫോടനേക്കസിൽ സ്വാമി അസിമാനന്ദയടക്കം അഞ്ചു പ്രതികളെയാണ് കഴിഞ്ഞ ദിവസം എൻ.െഎ.എ പ്രത്യേക കോടതി വെറുതെവിട്ടത്. തൊട്ടുപുറകേ എൻ.െഎ.എ പ്രത്യേക കോടതി ജഡ്ജി രവീന്ദർ റെഡ്ഡി രാജിവെക്കുകയായിരുന്നു. രാജിക്ക് വിധിയുമായി ബന്ധമില്ലെന്നും കുറച്ചുകാലമായി രാജിയെക്കുറിച്ച് ആലോചിച്ചുവരുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സ്ഫോടനത്തിൽ പ്രതികൾക്ക് നേരിട്ട് പങ്കുള്ളതായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് എൻ.െഎ.എ പ്രത്യേക കോടതി ജഡ്ജി പ്രതികളെ വെറുതെവിട്ടത്. 2007 മേയ് എട്ടിന് ഹൈദരാബാദ് ഒാൾഡ് സിറ്റിയിലെ മക്ക മസ്ജിദിൽ ജുമുഅ നമസ്കാര സമയത്തുണ്ടായ സ്ഫോടനത്തിൽ ഒമ്പതു പേർ കൊല്ലപ്പെടുകയും 58 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് നടത്തിയ വെടിവെപ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു.
അതിനിടെ, മറ്റൊരു സ്വത്തുതർക്ക കേസിൽ കുറ്റാരോപിതന് മുൻകൂർ ജാമ്യം അനുവദിക്കാൻ തിരക്കിട്ട നടപടി സ്വീകരിച്ചുവെന്ന പരാതി റെഡ്ഡിക്കെതിരെ ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.