ന്യൂഡൽഹി: വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ അരുൺ ഗോയലിനെ തെരഞ്ഞെടുപ്പ് കമീഷണറായി രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. ഈ മാസം 18ന് സ്വയം വിരമിച്ചതിന് പിറ്റേന്നാണ് നിയമനം. 60 വയസ്സ് പൂർത്തിയാകുന്ന ഈ വർഷം ഡിസംബർ 31ന് വിരമിക്കേണ്ടതായിരുന്നു. 2025 ഫെബ്രുവരിയിൽ രാജീവ് കുമാർ സ്ഥാനമൊഴിയുന്നതോടെ ഗോയൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറാകും.
2027 ഡിസംബർ വരെ പദവിയിൽ തുടരും. ഈ വർഷം മേയിൽ സുശീൽ ചന്ദ്ര വിരമിച്ച ഒഴിവിൽ രാജീവ്കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായതോടെ മൂന്നംഗ പാനലിൽ ഒന്ന് ഒഴിഞ്ഞുകിടക്കുകയാണ്. അടുത്തകാലം വരെ ഹെവി ഇൻഡസ്ട്രീസ് സെക്രട്ടറിയായിരുന്ന ഗോയൽ കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പഞ്ചാബ് കേഡറിലെ 1985 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ആറുവർഷമോ 65 വയസ്സ് തികയുന്നതുവരെയോ ആണ് തെരഞ്ഞെടുപ്പ് കമീഷണർ, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ കാലാവധി. ഗുജറാത്തിൽ രണ്ട് ഘട്ടങ്ങളായി ഡിസംബർ ഒന്ന്, അഞ്ച് തീയതികളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിയമനം. നാഗാലാൻഡ്, മേഘാലയ, ത്രിപുര, കർണാടക എന്നിവിടങ്ങളിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.